Kerala
High Court bans entering Vadakkumnatha temple wearing sandals
Kerala

തൃശൂർ പൂരത്തിന് വടക്കുംനാഥ ക്ഷേത്രത്തിൽ ചെരിപ്പ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കി ഹൈക്കോടതി

Web Desk
|
2 Jan 2024 2:54 AM GMT

ക്ഷേത്രാചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായാണ് ആരാധനയെന്നും ക്ഷേത്രത്തിൽ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പറഞ്ഞു.

തൃശൂർ: തൃശൂർ പൂരത്തിന് വടക്കുംനാഥ ക്ഷേത്രത്തിൽ ചെരിപ്പ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കി ഹൈക്കോടതി. കഴിഞ്ഞ വർഷത്തെ പൂരത്തിന് ആചാരവിരുദ്ധവും അനിഷ്ടസംഭവങ്ങളും ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശി കെ. നാരായണൻകുട്ടി നൽകിയ പരാതിയും തേക്കെ ഗോപുരനടയിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും കാണുന്നുവെന്നുമുള്ള മാധ്യമവാർത്തയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസും പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.

ക്ഷേത്രാചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായാണ് ആരാധനയെന്നും ക്ഷേത്രത്തിൽ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്നും കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് പറഞ്ഞു. ഇത് സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് നൽകിയ വിശദീകരണം ഹൈക്കോടതി അംഗീകരിച്ചു.

മാംസാഹാരമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന സംഭവം ഉണ്ടായിട്ടില്ലെന്നും പ്ലാസ്റ്റിക് അടക്കം മാലിന്യം നീക്കുന്നുണ്ടെന്നും ബോർഡ് കോടതിയെ അറിയിച്ചു. ദേവസ്വം ഉദ്യോഗസ്ഥർ ക്ഷേത്രത്തിനകത്ത് ഭക്ഷണം വിതരണം ചെയ്യുന്നില്ല. ക്ഷേത്ര മതിൽക്കെട്ടിനകത്ത് പ്ലാസ്റ്റിക് പാത്രങ്ങളോ ബോട്ടിലുകളോ സൂക്ഷിച്ചിട്ടില്ല. പൂരം ദിവസം ക്ഷേത്ര മതിൽക്കെട്ടിനകത്ത് മദ്യസൽക്കാരം നടത്തിയെന്ന ആരോപണം തെറ്റാണെന്നും ബോർഡ് സത്യവാങ്മൂലത്തിൽ അറിയിച്ചു.

Similar Posts