Kerala
അന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ നൽകരുത്: നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങൾക്ക് തടയിട്ട് ഹൈക്കോടതി
Kerala

'അന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ നൽകരുത്': നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങൾക്ക് തടയിട്ട് ഹൈക്കോടതി

Web Desk
|
20 April 2022 12:41 PM GMT

തുടരന്വേഷണത്തിന് ഒന്നരമാസം സമയം അനുവദിച്ച ഉത്തരവിലാണ് പരാമര്‍ശം. അന്വേഷണ ഏജൻസി ശേഖരിച്ച എല്ലാ വസ്തുക്കളും രഹസ്യമായി സൂക്ഷിക്കാനും കോടതി നിര്‍ദേശമുണ്ട്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കോടതികളില്‍ നല്‍കുന്ന സത്യവാങ്മൂലത്തിലെയോ അപേക്ഷയിലെയോ ഉള്ളടക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഹൈക്കോടതി നിർദേശിച്ചു. അതേസമയം കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടിസയച്ചു.

നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങളോട് ഉള്‍പ്പടെ ആരോടും അന്വേഷണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തരുതെന്നാണ് ജസ്റ്റിസ് കൗസർ എടപ്പകത്തിന്‍റെ ഉത്തരവ്. തുടരന്വേഷണത്തിന് ഒന്നരമാസം സമയം അനുവദിച്ച ഉത്തരവിലാണ് പരാമര്‍ശം. അന്വേഷണ ഏജൻസി ശേഖരിച്ച എല്ലാ വസ്തുക്കളും രഹസ്യമായി സൂക്ഷിക്കാനും കോടതി നിര്‍ദേശമുണ്ട്.

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങൾ ഉൾപ്പെടെ ആർക്കും ചോര്‍ത്തി നല്‍കാന്‍ പാടില്ല. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഡി.ജി.പി ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. അതേസമയം അഭിഭാഷകര്‍, കക്ഷിയുമായി സംസാരിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപെട്ട് ഹൈക്കോടതി അഭിഭാഷകന്‍ വി സേതുരാമന്‍ ബാര്‍ കൗൺസിലില്‍ പരാതി നല്‍കി. പരാതി പരിശോധിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് ബാര്‍ കൗൺസില്‍ ചെയര്‍മാന്‍ അറിയിച്ചു.

അതേസമയം ബലാത്സംഗ പരാതിയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തു കളിക്കുന്നുവെന്ന് ഡിജിപിക്ക് പരാതി നല്‍കിയ ശേഷം യുവതി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ ഇനിയും കൂടുതല്‍ സാക്ഷികളെ വിസ്തരിക്കേണ്ടി വരുമെന്നും അഞ്ച് വർഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാൽ ജാമ്യം നൽകണമെന്നുമാവശ്യപ്പെട്ട് നടിയെ അക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നല്‍കിയ അപേക്ഷയില്‍ സുപ്രിം കോടതി നോട്ടീസയച്ചു.

Similar Posts