Kerala
പിങ്ക് പൊലീസിനെ ഡിജിപി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ട്? പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
Kerala

'പിങ്ക് പൊലീസിനെ ഡിജിപി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ട്?' പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

Web Desk
|
15 Dec 2021 10:00 AM GMT

പൊലീസുകാരിയെ സംരക്ഷിക്കാൻ പൊലീസ് മേധാവി ശ്രമിക്കുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. നമ്പി നാരായണന് നൽകിയതു പോലെ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് അഭിപ്രായമെന്നും കോടതി

ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയെ അപമാനിച്ച സംഭവത്തില്‍ പൊലീസിന് വീണ്ടും കോടതിയുടെ വിമർശനം. പൊലീസുകാരിയെ സംരക്ഷിക്കാൻ പൊലീസ് മേധാവി ശ്രമിക്കുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. നമ്പി നാരായണന് നൽകിയതു പോലെ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് അഭിപ്രായമെന്നും കോടതി വ്യക്തമാക്കി. പൊലീസുകാരിയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.

പൊലീസ് ക്ലബ്ബിൽ ഇരുന്നാണോ ഒരാൾക്കെതിരെ അന്വേഷണം നടത്തുന്നതെന്നും കോടതി ചോദിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതും പീഡനം ആണ്. അക്കാര്യത്തിൽ സർക്കാർ ഒന്നും പറയാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.

പൊതുജന മധ്യത്തിൽ ഇറങ്ങിയാണ് അന്വേഷിക്കേണ്ടത്. പോലീസ് ഉദ്യോഗസ്ഥയ്ക്ക് അബദ്ധം പറ്റിയതാകാം. ഡിജിപി ഈ ഉദ്യോഗസ്ഥയെ ഇങ്ങനെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അത് അവർക്ക് ദൂഷ്യം ചെയ്യും. മാനസിക പിന്തുണ അല്ല ഇനി കുട്ടിക്ക് വേണ്ടത്. എല്ലാവർക്കും അതുപറ്റും. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് അഭിപ്രായമെന്നും കോടതി വ്യക്തമാക്കി. നഷ്ടപരിഹാര തുക സംബന്ധിച്ച് സർക്കാർ നിലപാട് അറിയിക്കണം. ഹരജിയിൽ ആവശ്യപ്പെടും പോലെ 50 ലക്ഷം നഷ്ടപരിഹാരം പ്രായോഗികമല്ലെന്നും കോടതി വ്യക്തമാക്കി.

കുട്ടിയുടെ അച്ഛൻ, അദ്ദേഹത്തിനുണ്ടായ നഷ്ടം നിയമപരമായി നേടിയെടുക്കട്ടെയെന്നും കോടതി നിരീക്ഷിച്ചു. കേസ് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി.

ആഗസ്ത് 27ആം തിയ്യതിയാണ് പരാതിക്ക് ആധാരമായ സംഭവമുണ്ടായത്. അച്ഛനും മകളും കൂടി ഐഎസ്ആര്‍ഒ കാര്‍ഗോ വാഹനം കാണാന്‍ പോയതായിരുന്നു. തിരിച്ചുവരുന്നതിനിടെ മകള്‍ക്ക് വെള്ളം വാങ്ങിക്കൊടുക്കുമ്പോഴാണ് പിങ്ക് പൊലീസിന്‍റെ വാഹനം വന്നത്. വാഹനത്തില്‍ നിന്നിറങ്ങിയ ഓഫീസര്‍ മൊബൈലെടുക്കാന്‍ കുട്ടിയുടെ അച്ഛനോട് പറഞ്ഞു. സ്വന്തം മൊബൈലെടുത്തപ്പോള്‍ ഇതല്ല കാറില്‍ നിന്നെടുത്തത് എന്നു പറഞ്ഞ് ഉദ്യോഗസ്ഥ ദേഷ്യപ്പെട്ടു. ഇങ്ങെടുക്കെടീ എന്നു പറഞ്ഞ് പൊലീസ് പെണ്‍കുട്ടിയോടും തട്ടിക്കയറി. ആളുകളെ വിളിച്ചുകൂട്ടി. തിരച്ചില്‍ നടത്തിയപ്പോള്‍ പൊലീസിന്‍റെ ബാഗില്‍ നിന്ന് തന്നെ മൊബൈല്‍ കിട്ടുകയായിരുന്നു.

Similar Posts