സിൽവർ ലൈൻ: പ്രതിഷേധക്കാർ ക്രിമിനലുകളല്ല; ക്രിമിനൽ കേസെടുത്തത് എന്തിനെന്ന് ഹൈക്കോടതി
|പദ്ധതിയുടെ സാമൂഹികാഘാത പഠനം നിർത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നൽ ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്നും സർക്കാർ വിശദീകരിച്ചു
കൊച്ചി: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത സർക്കാർ നടപടിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പദ്ധതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ ക്രിമിനൽ കേസെടുത്തത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. സമരക്കാർ ക്രിമിനലുകളല്ല. സാധാരണക്കാരായ ജനങ്ങളാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും കോടതി നിർദേശിച്ചു.
അടുത്ത മാസം 26ന് ഹരജി വീണ്ടും പരിഗണിക്കും. കേസ് സംബന്ധിച്ച വിശദാംശങ്ങൾ അപ്പോൾ കോടതിയെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പദ്ധതിയുടെ സാമൂഹികാഘാത പഠനം നിർത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നൽ ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്നും സർക്കാർ വിശദീകരിച്ചു
ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കെ-റെയിലുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ചത്. വിവിധയിടങ്ങളിൽ സാമൂഹികാഘാത പഠനം നടത്താതെ നടത്തിയ കല്ലിടലിനെതിരെയാണ് സമരം നടത്തിയത്. ഈ സമരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുത്തതായി ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നായിരുന്നു സർക്കാർ നടപടിയെ കോടതി ചോദ്യം ചെയ്തത്.
26ന് ഹരജി വീണ്ടും പരിഗണിക്കുമ്പോൾ ആര്‍ക്കൊക്കെ എതിരെ, ഏതൊക്കെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, കേസിന്റെ നിലവിലെ സാഹചര്യം എന്താണ് എന്ന് വിശദീകരിക്കണം എന്നും കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
കൂടാതെ, കേന്ദ്രസര്‍ക്കാരിനോടും ഇതുസംബന്ധിച്ച് കോടതി റിപ്പോര്‍ട്ട് തേടി. കേന്ദ്രത്തിന്റെ വിവിധ ഏജന്‍സികള്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. ഡി.പി.ആര്‍ സംബന്ധിച്ച കേന്ദ്രത്തിന്റെ നിലപാട് എന്താണെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 26ന് ഇനി കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കാനാണ് കേന്ദ്രത്തിനോടും കോടതി നിര്‍ദേശം.