ഷാജൻ സ്കറിയയെ പിടിക്കാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ച; അതിന്റെ പേരിൽ മറ്റു മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുത്: ഹൈക്കോടതി
|പൊലീസ് അതിക്രമം ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി വിമർശനം.
കൊച്ചി: ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിന് ഹൈക്കോടതി വിമർശനം. അറസ്റ്റ് വൈകുന്നത് പൊലീസിന്റെ വീഴ്ചയാണ്. അതിന്റെ പേരിൽ മറ്റു മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ പറഞ്ഞു. പൊലീസ് അതിക്രമം ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി വിമർശനം.
പ്രതിയല്ലാത്ത ആളുടെ മൊബൈൽ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ഫോൺ വിട്ടുനൽകണം. മാധ്യമപ്രവർത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു. അന്വേഷണം നടത്താൻ പൊലീസിന് അവകാശമുണ്ട്. എന്നാൽ പ്രതിയല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാൻ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു.
മാധ്യമപ്രവർത്തകർ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. നടപടികൾ പാലിക്കാതെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുത്. എല്ലാ മാധ്യമപ്രവർത്തകരുടെയും മൊബൈൾ ഫോണുകൾ പിടിച്ചെടുക്കുമോയെന്നും കോടതി ചോദിച്ചു.