Kerala
എക്‌സൈസ് ഉദ്യോഗസ്ഥന് പട്ടിക്കുട്ടികളെ നൽകാത്തതിന്റെ പ്രതികാരം; കള്ളകേസിൽ പ്രതികളായവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
Kerala

എക്‌സൈസ് ഉദ്യോഗസ്ഥന് പട്ടിക്കുട്ടികളെ നൽകാത്തതിന്റെ പ്രതികാരം; കള്ളകേസിൽ പ്രതികളായവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

Web Desk
|
6 April 2022 5:52 AM GMT

നീണ്ട 16 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് കൊല്ലം സ്വദേശികൾ നിരപരാധിത്വം തെളിയിച്ചത്

കൊല്ലം: വ്യജ അബ്കാരി കേസിൽ അറസ്റ്റ് ചെയ്ത് ജയിലിടച്ച കൊല്ലം സ്വദേശികൾക്ക് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്. ഇരുവരെയും കള്ളക്കേസിൽ കുടുക്കിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ഓച്ചിറ സ്വദേശി ആർ പ്രകാശൻ, പത്തനാപുരം സ്വദേശി അനിൽകുമാർ എന്നിവർക്കെതിരെയായിരുന്നു കള്ളക്കേസ് എടുത്തത്. എക്‌സൈസ് ഉദ്യോഗസ്ഥന് മുന്തിയ ഇനം പട്ടിക്കുഞ്ഞുങ്ങളെ നൽകാത്തതിന്റെ പ്രതികാരമായാണ് കള്ളക്കേസിൽ ജയിൽ പോകേണ്ടിവന്ന പ്രകാശൻ പറയുന്നു.

2006 ലാണ് സംഭവം. പട്ടിക്കുഞ്ഞുങ്ങളെ വിൽപനനടത്തുന്ന ബിസിനസായിരുന്നു ഇരുവർക്കും. തന്റെ അടുത്തുള്ള 3500 രൂപ വിലവരുന്ന പട്ടിക്കുഞ്ഞുങ്ങളെ 1500 രൂപക്ക് തരണമെന്നായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥനായ വിക്രമൻ നായർ ആവശ്യപ്പെട്ടത്. എന്നാൽ അത് നൽകാൻ തയ്യാറായില്ല. ഇതിന് പ്രതികാരമായി തന്റെ വീട്ടിൽ ഉദ്യോഗസ്ഥർ തന്നെ കോട കുഴിച്ചിടുകയും പിറ്റേന്ന് തന്നെ വന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് പ്രകാശൻ പറയുന്നു. അറസ്റ്റ് ചെയ്ത് 76 ദിവസമാണ് ജയിലിടച്ചത്. ഒരുദിവസം മുഴുവൻ കാലിൽ വിലങ്ങിട്ടായിരുന്നു ജയിലിലിട്ടത്. ജയിലിൽ കിടന്നുകൊണ്ടുതന്നെ ജില്ലാകലക്ടർക്കും,മനുഷ്യാവകാശ കമ്മീഷൻ, ഹൈക്കോടതിക്കും താൻ ഇതുസംബന്ധിച്ച് പരാതി നൽകിയതായും പ്രകാശൻ പറയുന്നു. 'ഈ സമയത്ത് നാല് ലക്ഷം രൂപ തരാമെന്ന് പറഞ്ഞ് സ്വാധീനിക്കാനും ഉദ്യോഗസ്ഥർ ശ്രമിച്ചു. എന്നാൽ താൻ അന്നത്തെ കരുനാഗപള്ളി എ.സി.പിക്കും ചീഫ്‌സെക്രട്ടറിക്കുമെല്ലാം കത്തയച്ചു. തുടർന്ന് എ.സിപി എക്‌സൈസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് മുന്നറിയിപ്പ് നൽകി വിട്ടിരുന്നു'. അതിന് ശേഷം തന്നെ കാണുമ്പോഴൊക്കെ മുറുമുറുപ്പോടെയാണ് ആവർ പെരുമാറിയതെന്നും പ്രകാശൻ പറയുന്നു.

'നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന കച്ചവടമെല്ലാം ആ കേസോടെ ഇല്ലാതായി. 'വെറും 30 രൂപയും കൊണ്ടാണ് ഞാൻ ജയിലിന്ന് ഇറങ്ങിയത്, കൂട്ടുകാരും നാട്ടുകാരുമെല്ലാം സഹായിച്ചാണ് പിന്നീട് പിടിച്ചുനിന്നത് ' ഇതു പറയുമ്പോൾ പ്രകാശന്റെ വാക്കുകൾ മുറിഞ്ഞിരുന്നു. നാട്ടുകാരുടെ മുന്നിൽ കള്ളനാക്കിയപ്പോഴും തന്നെ വിശ്വസിച്ച ഒരുപാട് പേരുണ്ടായിരുന്നെന്ന് പ്രകാശൻ പറയുന്നു. 'അതിലൊരാൾ തന്നെ ഒരു സ്ഥാപനത്തിന്റെ അധികാര സ്ഥാപനത്ത് എന്നെ നിയമിച്ചു. 15 വർഷം ഞാനവിടെ ജോലി ചെയ്തു. ലോക്ഡൗണോടെ ആ കട പൂട്ടി. അതിന് ശേഷം പശുവളർത്തലും ഓട്ടോ ഓടിക്കലുമായി ജീവിക്കുകയാണ്. വർഷം ഏറെയെടുത്തെങ്കിലും കോടതി നിരപരാധിത്വം തെളിയിക്കാനായതിലും നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടതിലും ഒരുപാട് സന്തോഷമുണ്ടെന്നും പ്രകാശൻ പറയുന്നു.


Similar Posts