Kerala
High Court dismissed the petition seeking cancellation of the State Film Award
Kerala

സംസ്ഥാന ചലച്ചിത്ര അവാർഡ് റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി; രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് കോടതി

Web Desk
|
11 Aug 2023 8:10 AM GMT

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. അക്കാദമി ചെയർമാൻ അവാർഡ് നിർണയത്തിൽ ഇടപെട്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ചലച്ചിത്ര പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം സംബന്ധിച്ച് നിസാരമായ ആരോപണങ്ങളാണ് ഹരജിക്കാരൻ ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ ഇടപെട്ടെന്ന ആരോപണം തെളിയിക്കാനുള്ള തെളിവുകൾ ഹരജിക്കാരൻ ഹാജരാക്കിയില്ല. ജൂറി അംഗങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ അവർക്ക് നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നും കോടതി ചോദിച്ചു. തെളിവുകൾ സമർപ്പിക്കാൻ ഹരജിക്കാർ കൂടുതൽ സമയം തേടിയെങ്കിലും കോടതി അതിന് അനുമതി നൽകിയില്ല. ഇത്ര ധൃതിപ്പെട്ട് എന്തിനാണ് ഹരജി സമർപ്പിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം.

പുരസ്കാര വിതരണം അടുത്ത ദിനങ്ങളിൽ നടക്കും എന്നതിനാലാണ് വേഗത്തിൽ ഹരജി നൽകിയതെന്ന് ഹരജിക്കാരൻ മറുപടി നൽകി. നിസാരമായ ആരോപണങ്ങൾ ഉന്നയിച്ച ഹരജിക്കാരന് പിഴ ചുമത്തുകയാണ് വേണ്ടതെന്നും എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാത്തതിനാൽ അതിന് കോടതി മുതിരുന്നില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വിമർശിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. പുരസ്കാര വിതരണത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന് ചൂണ്ടികാട്ടി ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹരജി നൽകിയത്.


Similar Posts