'സിംഗിൾ ഡ്യൂട്ടിക്ക് സ്റ്റേയില്ല, എല്ലാമാസവും 10നകം ശമ്പളം നൽകണം'; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
|സിംഗിൾ ഡ്യൂട്ടി സ്റ്റേ ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല
കൊച്ചി: കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട് നിർണായക ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജീവനക്കാർക്ക് എല്ലാമാസവും 10നകം ശമ്പളം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു. ജീവനക്കാർ നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയാലേ കെ.എസ്.ആർ.ടി.സി രക്ഷപ്പെടൂയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞിരുന്നു. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അനിവാര്യമെന്നാണ് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റും പറയുന്നത്. ഇതില്‍ 8 മണിക്കൂര്‍ സ്റ്റിയറിങ് ഡ്യൂട്ടിയും ബാക്കിയുള്ള സമയം വിശ്രമവും. ആഴ്ചയില്‍ ആറു ദിവസവും ജോലിക്ക് ഹാജരാകണമെന്ന വ്യവസ്ഥയും മുന്നോട്ട് വച്ചിട്ടുണ്ട്. 1962ലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് റൂള്‍സ് പ്രകാരം സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂര്‍ എന്നതാണ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്.