'സമൂഹത്തിന്റെ വികാരം എതിരാണെന്ന് കരുതി അർഹതപ്പെട്ടവർക്ക് ജാമ്യം നിഷേധിക്കരുത്'; ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച ഉത്തരവിൽ കോടതി
|കാമുകനായിരുന്ന പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ഗ്രീഷ്മ.
കൊച്ചി: സമൂഹത്തിന്റെ വികാരം എതിരാണെന്ന് കരുതി അർഹതപ്പെട്ടവർക്ക് ജാമ്യം നിഷേധിക്കരുതെന്ന് ഹൈക്കോടതി. പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമർശം. കേസിൽ എല്ലാ സാക്ഷികളും ഷാരോണിന്റെ ബന്ധുക്കളോ അല്ലെങ്കിൽ ഔദ്യോഗിക സാക്ഷികളോ ആണ്. പ്രതി 22 വയസ് മാത്രമുള്ള സ്ത്രീയാണ്. ജാമ്യം ലഭിച്ചാൽ ഗ്രീഷ്മ ഒളിവിൽ പോകുമെന്ന വാദം പ്രോസിക്യൂഷനില്ലെന്നും കുറ്റപത്രം സമർപ്പിച്ചതിന് ശേഷവും ജാമ്യം നൽകാതിരിക്കണമെങ്കിൽ മതിയായ കാരണം വേണമെന്നും കോടതി പറഞ്ഞു.
കാമുകനായിരുന്ന പാറശ്ശാല സമുദായപ്പറ്റ് ജെ.പി ഭവനിൽ ജയരാജിന്റെ മകൻ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് തമിഴ്‌നാട്ടിലെ ദേവിയോട്, രാമവർമൻചിറ, പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ. ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മയും ബന്ധുക്കളും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
2022 ഒക്ടോബറിലായിരുന്നു സംഭവം. വീട്ടിലേക്ക് വിളിച്ചുവരുത്തിയ ഷാരോണിനെ വിഷം കലർത്തിയ കഷായം കുടിപ്പിക്കുകയായിരുന്നു. തുടർന്ന് അവശനിലയിലായ ഷാരോൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25-നാണ് മരിച്ചത്.