സാങ്കേതിക സർവകലാശാല നിയമനത്തിൽ നിയമപ്രശ്‌നമുണ്ട്; സർക്കാർ വാദം ശരിവെച്ച് ഹൈക്കോടതി
|മറുപടി നൽകാൻ സമയം വേണമെന്ന് ഗവർണർ
കൊച്ചി: സാങ്കേതിക സർവകലാശാലയിലെ താൽകാലിക വൈസ് ചാൻസലർ നിയമനത്തിൽ പ്രഥമദൃഷ്ട്യാ പ്രശ്നമുണ്ടെന്ന് ഹൈക്കോടതി. അറ്റോർണീ ജനറലിന്റെ വാദം കണക്കിലെടുത്താണ് കോടതിയുടെ നിരീക്ഷണം. ബുധനാഴ്ച എല്ലാ എതിർ കക്ഷികളും സത്യവാങ് മൂലം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടു.
സാങ്കേതിക സർവകലാശാലയുടെ നിയമങ്ങൾ പാലിക്കാതെയാണ് ഗവർണർ നിയമനം നടത്തിയതെന്നായിരുന്നു എജി ഇന്ന് ഹൈക്കോടതിയിൽ വാദിച്ചത്. ഇത് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുണ്ടെന്നും നിയമപ്രശ്നങ്ങൾ കോടതിക്ക് കാണാൻ സാധിക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹരജിയിൽ കൂടുതൽ വാദം ഉന്നയിക്കാൻ ചാൻസലറോ ഡോ. സിസ തോമസോ തയ്യാറായിട്ടില്ല. പകരം, എതിർ സത്യവാങ് മൂലം നൽകാമെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നുമാണ് ഇരുവരും കോടതിയിൽ ആവശ്യപ്പെട്ടിട്ടുളളത്.
ഇവരുടെ മറുപടി കൂടി കണക്കിലെടുത്ത ശേഷം നിയമപ്രശ്നങ്ങളിലേക്ക് വിശദമായ പരിശോധന നടത്താമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എജി സമർപ്പിച്ച രേഖകളെല്ലാം പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.