Kerala
High Court
Kerala

വയനാട് കല്ലോടി പള്ളിക്ക് സർക്കാർ ഭൂമി നൽകിയത് ഹൈക്കോടതി റദ്ദാക്കി

Web Desk
|
23 Feb 2024 9:17 AM GMT

ഏക്കറിന് 100 രൂപ നിരക്കിലായിരുന്നു 5.53 ഹെക്ടർ ഭൂമി പള്ളിയ്ക്ക് സർക്കാർ നൽകിയത്

കൊച്ചി: വയനാട് കല്ലോടി സെന്റ് ജോർജ് പള്ളിയ്ക്കായി സർക്കാർ ഭൂമി നൽകിയത് ഹൈക്കോടതി റദ്ദാക്കി. 2015 ലെ പട്ടയമാണ് റദ്ദാക്കിയത്. ഏക്കറിന് 100 രൂപ നിരക്കിലായിരുന്നു 5.53 ഹെക്ടർ ഭൂമി പള്ളിയ്ക്ക് സർക്കാർ നൽകിയത്. രണ്ട് മാസത്തിനുള്ളിൽ ഭൂമിയുടെ വിപണി മൂല്യം നിശ്ചയിക്കാനും ഹൈക്കോടതി നിർദേശിച്ചു. വിപണി വില നൽകി ഭൂമി ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ, പള്ളി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ നിന്നും അവരെ കൂടിയിറക്കണമെന്നും കോടതി ഉത്തരവിട്ടു.

മാനന്തവാടിയിലെ സാമൂഹിക പ്രവർത്തകർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു മാസമാണ് പള്ളിക്ക് തീരുമാനമെടുക്കാൻ സമയമുള്ളത്. അതിന് കഴിഞ്ഞില്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ യോഗ്യരായവർക്ക്‌ ഭൂമി കൈമാറണം. സ്ഥലം വിപണി വിലയ്ക്ക് പള്ളി ഏറ്റെടുത്താൽ കിട്ടുന്ന തുക ആദിവാസി ക്ഷേമത്തിന് ഉപയോഗിക്കണമെന്നും കോടതി പറഞ്ഞു. എട്ട് മാസത്തിനുള്ളിൽ നടപടി റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും അറിയിച്ചു.

Similar Posts