Kerala
High court rejected the demand of accused Visakh to stop the arrest in SFI impersonation case
Kerala

എസ്എഫ്ഐ ആൾമാറാട്ട കേസ്; അറസ്റ്റ് തടയണമെന്ന പ്രതി വിശാഖിന്റെ ആവശ്യം കോടതി തള്ളി

Web Desk
|
12 Jun 2023 11:07 AM GMT

വിശാഖിന്റെ പേരെഴുതി വച്ചിട്ട് പ്രിൻസിപ്പലിന് എന്ത് കാര്യമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു.

കൊച്ചി: കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിൽ അറസ്റ്റ് തടയണമെന്ന പ്രതി വിശാഖിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു പ്രതിയുടെ ആവശ്യം. മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് കോടതി ബുധനാഴ്ചയിലേക്ക് മാറ്റി.

പ്രിൻസിപ്പലാണ് ഉത്തരവാദിയെന്ന് വിശാഖ് കോടതിയിൽ പറഞ്ഞു. എന്നാൽ വിശാഖിന്റെ പേരെഴുതി വച്ചിട്ട് പ്രിൻസിപ്പലിന് എന്ത് കാര്യമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു.

താൻ നിരപരാധിയാണെന്നും പ്രിൻസിപ്പലിന്റെ നടപടികളെ കുറിച്ചറിയില്ലെന്നുമായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ വിശാഖിന്റെ വാദം. വിജയിച്ച സ്ഥാനാർഥി ആരോഗ്യപരമായ കാരണങ്ങളാൽ സ്വമേധയാ പിന്മാറിയത് കൊണ്ടാണ് തന്റെ പേര് പ്രിൻസിപ്പൽ ആ സ്ഥാനത്തേക്ക് ചേർത്തത്.

തെരഞ്ഞെടുപ്പ് നടക്കാതെ ഏകകണ്ഠമായാണ് സ്ഥാനാർഥികളെല്ലാം തെരഞ്ഞെടുക്കപ്പെട്ടത്. കേസിൽ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഹരജിയിൽ പറയുന്നു.

കേസെടുത്ത് 21 ദിവസമായിട്ടും ഇപ്പോഴും വിശാഖ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു എന്ന് മാത്രമാണ് പൊലീസ് പറയുന്നത്. ഇതിനിടയിലാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

പരാതിയിൽ വിശാഖിനെതിരെ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വിശാഖിനെതിരെ കേസെടുത്തിരിക്കുന്നത്. ഇത്രയേറെ ദിവസം പൊലീസ് വിശാഖിനെ കണ്ടെത്താൻ പൊലീസ് ശ്രമിക്കാത്തത് മുൻകൂർ ജാമ്യം ലഭിക്കാനാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.



Similar Posts