ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി
|നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നാണ് ഹരജിയിലെ ആരോപണം
കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് റദ്ദാക്കാൻ മതിയായ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. മേൽശാന്തി നറുക്കെടുപ്പിൽ പേപ്പറുകൾ മടക്കിയിട്ടത് യാദൃശ്ചികമെന്ന അമിക്കസ് ക്യൂറിയുടെയും ഒബ്‌സേർവറുടെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഹരജി തള്ളിയത്.
നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നാണ് ഹരജിയിലെ ആരോപണം. എന്നാൽ നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞടുപ്പ് നടത്തിയതെന്നും സുതാര്യമായിരുന്നുവെന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും നിലപാടെടുത്തത്. തെരഞ്ഞെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി മധുസൂധനൻ നമ്പൂതിരിയാണ് തിരഞ്ഞെടുപ്പിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.
High Court rejected the plea seeking cancellation of the Sabarimala Melshanthi election