Kerala
കെ.എസ്.ആർ.ടി.സി ജീവനക്കാർ പിതാവിനെയും മകളെയും മർദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി
Kerala

കെ.എസ്.ആർ.ടി.സി ജീവനക്കാർ പിതാവിനെയും മകളെയും മർദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി

Web Desk
|
22 Sep 2022 10:27 AM GMT

കേസിന്റെ വിശദാംശങ്ങൾ തേടിയ ഹൈക്കോടതി നാളെ ഉച്ചയ്ക്ക് വിഷയം പരിഗണിക്കും

കൊച്ചി: തിരുവനന്തപുരം കാട്ടാക്കടയിൽ കെ.എസ്.ആർ ടി.സി ജീവനക്കാർ പിതാവിനെയും മകളെയും മർദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി. സംഭവത്തെ കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങൾ അന്വേഷിച്ച് റിപ്പോർട്ടായി നൽകാൻ കെ.എസ്.ആർ.ടി.സിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്. കേസിന്റെ വിശദാംശങ്ങൾ തേടിയ ഹൈക്കോടതി നാളെ ഉച്ചയ്ക്ക് വിഷയം പരിഗണിക്കും.

അതേസമയം, സംഭവം പ്രത്യേക സംഘം അന്വഷിക്കും. കാട്ടാക്കട ഡിവൈ.എസ്.പി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഒമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികള്‍ക്കെതിരെ പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ പീഡന നിരോധന പ്രകാരവും കേസെടുക്കാന്‍ റൂറല്‍ എസ്.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല. വിവിധ യൂണിയനുകളിൽ പെട്ട പ്രതികളുടെ അറസ്റ്റ് തടയുന്നതിന് രാഷ്ട്രീയ സമ്മർ‍ദമുണ്ടെന്നാണ് സൂചന.

അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക സംഘം അന്വേഷിക്കാൻ ഒരുങ്ങുന്നത്. അതേസമയം, കേസിലെ പ്രതിയായ മെക്കാനിക്കൽ ജീവനക്കാരനെതിരെ വകുപ്പുതല നടപടി ഉടനുണ്ടാകും. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും വകുപ്പ് നടപടിയെടുത്തിരുന്നില്ല. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നടപടിയിലേക്ക് നീങ്ങുന്നത്.

കാട്ടാക്കട സ്വദേശി പ്രേമനനും മകൾക്കുമാണ് കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റത്. ഇതിൽ സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി മിലന്‍ ജോര്‍ജ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പാണ് പ്രതികൾക്കെതിരെ കൂട്ടിച്ചേർത്തത്. പ്രേമനന്റെ മകളെ കൈയേറ്റം ചെയ്തുവെന്നതാണ് പുതിയ കുറ്റം. പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

കാട്ടാക്കട ഡിപ്പോയിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും ക്രൂരമായി മർദ്ദിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് വൈകുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. അറസ്റ്റ് വൈകുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് മർദ്ദനമേറ്റ പ്രേമനനും മകൾ രേഷ്മയും പറഞ്ഞത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ടെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.

'മകളുടെ മുന്നിൽ പിതാവിന് മർദ്ദനമേൽക്കുന്നതും തടയാൻ ശ്രമിച്ച മകളെ മർദ്ദിക്കുന്നതുമായ ദൃശ്യങ്ങൾ കേരളം മുഴുവൻ കണ്ടതാണ്. കേരളത്തിന്റെ പൊതുമനസ് ഈ അച്ഛനും മകൾക്കുമൊപ്പമാണ്. ഇവർക്ക് നീതി ലഭ്യമാക്കേണ്ടത് സർക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്തമാണ്. മുഴുവൻ തെളിവുകളും കൺമുന്നിലുണ്ടായിരിക്കെ, നിയമം കൈയ്യിലെടുക്കുന്നവരെ ചേർത്ത് പിടിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാതെ നീതി നടപ്പാക്കാൻ സർക്കാർ തയാറാകണം' കുറിപ്പിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.


High Court says incident of KSRTC employees beating father and daughter shocking

Similar Posts