ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ച് തടയാനാവില്ലെന്ന് ഹൈക്കോടതി
|ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കൊച്ചി: ഗവർണർക്കെതിരായ ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ച് തടയാനാവില്ലെന്ന് ഹൈക്കോടതി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് കോടതിയെ സമീപിച്ചത്. മാർച്ച് ഒഴിവാക്കാൻ തങ്ങൾക്ക് പറയാനാവില്ല. മാർച്ച് നടത്തുന്നതിന് തടസ്സങ്ങളില്ലെന്നും കോടതി പറഞ്ഞു.
മാർച്ചിന് താൻ എതിരല്ലെന്നും സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിലാണ് തനിക്ക് എതിർപ്പെന്നും സുരേന്ദ്രൻ അറിയിച്ചു. എന്നാൽ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയന്ന് കോടതി ചോദിച്ചു. മാർച്ചിൽ സർക്കാർ ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തീർപ്പാക്കി.
സർവകലാശാല ഭരണത്തിൽ ഗവർണർ അന്യായമായി ഇടപെടുന്നുവെന്ന് ആരോപിച്ചാണ് ഇടതുമുന്നണി രാജ്ഭവൻ മാർച്ച് നടത്തുന്നത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് യെച്ചൂരി ആരോപിച്ചു. ഗവർണർക്കെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അദ്ദേഹം പറഞ്ഞു.