വി.സി നിയമനവുമായി ബന്ധപ്പെട്ട് കേരള സർവകലശാലയ്ക്ക് ഹൈക്കോടതിയുടെ വിമർശനം
|ചൊവ്വാഴ്ച ഹരജിയിൽ വീണ്ടും വാദം കേൾക്കും.അതുവരെ ഇടക്കാല ഉത്തരവ് തുടരും
കൊച്ചി: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് കേരള സർവകലശാലയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. സെർച്ച് കമ്മിറ്റി അംഗത്തെ നിർദേശിക്കുന്നതിൽ സെനറ്റ് തീരുമാനം എടുക്കാത്തതിൽ കോടതി അതൃപ്തി അറിയിച്ചു. സർവകലാശാലയ്ക്ക് നിയമവിരുദ്ധമായി പ്രവർത്തിക്കാമോയെന്നും കോടതി ചോദിച്ചു. വിസിയെ തിരഞ്ഞെടുക്കുന്നത് വൈകിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
വിസിയെ തീരുമാനിക്കുക എന്നത് കോടതിയുടെ മാത്രം ആവശ്യമാണോ എന്ന് ചോദിച്ച ജസ്റ്റിസ് ദേവൻരാമചന്ദ്രൻ ചാൻസലർക്കെതിരെ പ്രമേയം പാസാക്കിയ സെനറ്റ് നടപടിയെയും വിമർശിച്ചു. സെർച്ച് കമ്മിറ്റിയെ തീരുമാനിക്കാൻ ചേർന്ന യോഗം ക്വാറം തികയാതെ അവസാനിച്ചെങ്കിൽ അടുത്ത യോഗത്തിൽ തീരുമാനം എടുകാമല്ലോ എന്ന ചോദ്യത്തിന് യോഗത്തിന്റെ അജണ്ടകൾ മുൻകൂട്ടി നിശ്ചയിക്കുന്നതാണെന്നായിരുന്നു സർവകലാശാലയുടെ മറുപടി.
സെനറ്റംഗങ്ങളെ പുറത്താക്കിയതിനേക്കാൾ പ്രാധാന്യം സേർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി വിദ്യാർഥികളുടെ ഭാവിയാണ് പ്രധാനമെന്ന് ഒരിക്കൽ കുടി പറഞ്ഞു വെച്ചു. മറ്റന്നാൾ ചേരുന്ന സെനറ്റ് യോഗത്തിലെ തീരുമാനം അറിയിക്കാനും കോടതി നിർദേശം നൽകി. ചൊവ്വാഴ്ച ഹരജിയിൽ വീണ്ടും വാദം കേൾക്കും. അതുവരെ ഇടക്കാല ഉത്തരവ് തുടരും.