'അവര്‍ ഒരമ്മയാണോ? സ്ത്രീയാണോ?'; പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
|കാക്കി ഈഗോയാണ് ചില പോലിസുകാർക്ക്. പൊലിസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. എല്ലാ പൊലിസുകാരും അത് മനസിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയുടെ വീഡിയോ പരിശോധിച്ച് ഹൈക്കോടതി. എന്തിനാണ് കുട്ടിയെ പൊലീസ് ചോദ്യം ചെയ്തതെന്ന് കോടതി ചോദിച്ചു. വീഡിയോ ദ്യശ്യങ്ങള്‍ ബുദ്ധിമുട്ടാണ്ടാക്കുന്നതാണെന്നും ഒരു കുട്ടിയെ തടഞ്ഞ് വെച്ചാണ് ചോദ്യം ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
'പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ. പൊലീസ് ഇത്തരത്തിലായതുകൊണ്ട് ഇവിടെ ആത്മഹത്യകള്‍ വരെ ഉണ്ടാകുന്നു. പൊലീസിനോട് തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ കേസെടുക്കാനാണ് ശ്രമിക്കുന്നത്,' കോടതി വിമര്‍ശിച്ചു.
കാക്കി ഈഗോയാണ് ചില പോലിസുകാര്‍ക്ക്. പൊലിസ് യൂണിഫോമിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. എല്ലാ പൊലിസുകാരും അത് മനസിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പൊലിസ് ഉദ്യോഗസ്ഥയെ ന്യായീകരിക്കരുതെന്ന് അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. ഇങ്ങനെയെങ്കില്‍ എട്ടു വയസുകാരിയായ കുട്ടിക്ക് ഈ സിസ്റ്റത്തിലെന്ത് വിശ്വാസമുണ്ടാകുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.
ഉദ്യോഗസ്ഥയുടെ ഫോണാണോ കുട്ടിയുടെ ജീവിതമാണോ വിലപിടിച്ചതെന്ന് ചോദിച്ച കോടതി, ആ ഫോണ്‍ കിട്ടിയിരുന്നില്ലെങ്കില്‍ അവരെ പൊലിസ് സ്റ്റേഷനില്‍ കൊണ്ടുപോകുമായിരുന്നെന്നും എന്തിനാണിങ്ങനെ പിങ്ക് പോലിസെന്നും കുറ്റപ്പെടുത്തി. കേസിന്‍റെ എല്ലാ വിശദാംശങ്ങളും ഹാജരാക്കാന്‍ ഡി.ജി.പിക്ക് കോടതി നിര്‍ദേശം നല്‍കി. ഹരജി ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.
മൊബൈൽ ഫോൺ മോഷണമാരോപിച്ചാണ് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടു വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്തത്. ആഗസ്റ്റ് 27നായിരുന്നു സംഭവം. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പരസ്യമായി നടുറോട്ടിൽ ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാന്‍റ്ബാഗിൽ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്.