Kerala
മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേട്: സസ്‌പെൻഷനിലായ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു
Kerala

മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേട്: സസ്‌പെൻഷനിലായ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു

ഇജാസ് ബി.പി
|
23 April 2022 3:20 PM GMT

സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലാണ് ജോഷ്വാ മാത്യു തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്

പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേട് സസ്‌പെൻഷനിലായ സെക്രട്ടറി ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്യുന്നത് മൂന്ന് ആഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ അതിനുശേഷം കോടതി പരിഗണിക്കും. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ പത്തനംതിട്ട മൈലപ്രാ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ ഭരണ സമിതി ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. കോൺഗ്രസ് സർവീസ് സംഘടനാ നേതാവാണ് ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യു. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലാണ് ജോഷ്വാ മാത്യു തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.

മൈലപ്രാ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധികളുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് സഹകരണ വകുപ്പ് ഓഡിറ്റ് നടത്തിയത്. കഴിഞ്ഞ മാസം നടന്ന ഓഡിറ്റിൽ സെക്രട്ടറിയായ ജോഷ്വാ മാത്യൂ മൂന്ന് കോടി 94 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ഗോതമ്പ് ഫാക്ടറിയിലെ മാനേജിംഗ് ഡയറക്ടർ കൂടിയായ ഇയാൾ ഫാക്ടറിയുടെ പേരിൽ വ്യാജ രേഖകൾ ചമച്ചാണ് പണം തട്ടിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറാണ് പൊലീസിന് പരാതി കൈമാറിയത്. കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിന് പിന്നാലെയാണ് ഇന്നലെ ചേർന്ന ബാങ്ക് ഭരണസമിതി ജോഷ്വായെ സസ്പെൻഡ് ചെയ്തത്.

ബാങ്ക് വൻ സാമ്പത്തിക പ്രതിസന്ധിയിലാണന്ന് ആരോപിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ജീവനക്കാരുടെ നേതൃത്വത്തിൽ സമരം നടന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ജോലിയിൽ നിന്ന് വിരമിക്കാൻ 10 ദിവസം മാത്രം കാലാവധിയുള്ള ജോഷ്വാ മാത്യുവിനെതിരായി ബാങ്ക് നടപടി സ്വീകരിച്ചത്.

അതേസമയം സാമ്പത്തിക തട്ടിപ്പ് കേസിലെ അറസ്റ്റ് മുന്നിൽ കണ്ട് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് പൊലീസ് പറയുന്നത്. 123 കോടിയിലേറെ രൂപയുടെ നിക്ഷേപമുള്ള മൈലപ്രാ ബാങ്കിന് 70 കോടിയിലേറെ രൂപയുടെ കടമുണ്ടെന്നാണ് ഭരണ സമിതി അംഗങ്ങള് നൽകുന്ന വിശദീകരണം. എന്നാൽ മുൻ ഡയറക്ടർ ബോർഡ് അംഗവും ജീവനക്കാരും നൽകിയ പരാതികളെ തുടർന്നുള്ള അന്വേഷണത്തിൽ ബാങ്കുമായി ബന്ധപ്പെട്ട കൂടുതൽ ക്രമക്കേടുകൾ പുറത്ത് വരുമെന്നാണ് സൂചന.

High Court stayed arrest of Mailappra Co-operative Bank secretary Joshua Mathew for three weeks.

Similar Posts