സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണിമുകുന്ദനെതിരായ തുടർനടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു
|പരാതി ഒത്തുതീർപ്പായെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് തുടർനടപടികൾ സ്റ്റേ ചെയ്തത്.
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണിമുകുന്ദനെതിരായ തുടർനടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.
കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നൽകിയത്. ഉണ്ണിമുകുന്ദൻ ക്ഷണിച്ചതനുസരിച്ച് സിനിമയുടെ കഥ പറയാൻ ചെന്ന തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. 2017 ഓഗസ്റ്റ് 23-ന് നടന്ന സംഭവത്തിൽ സെപ്റ്റംബർ 15-ന് പരാതി നൽകിയിരുന്നു.
യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നൽകിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസിൽ കുടുക്കാതിരിക്കാൻ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് നടന്റെ പരാതിയിൽ പറഞ്ഞിരുന്നത്.
കേസുമായി ബന്ധപ്പെട്ട് അഡ്വ. സൈബി ജോസ് കോടതിയിൽ ഹാജരാകുകയും 2021ൽ പരാതിക്കാരിയുമായി വിഷയം ഒത്തുതീർപ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ട് സ്‌റ്റേ വാങ്ങുകയുമായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകൻ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും അത് വ്യാജമാണെന്നും കോടതിയെ അറിയിച്ചത്. കേസ് ഒത്തുതീർപ്പാക്കിയെന്ന സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് അഭിഭാഷകൻ പറഞ്ഞു. ഇതിനെ തുടർന്ന് കേസ് റദ്ദാക്കണമെന്ന നടന്റെ ഹരജി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇപ്പോൾ കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ തന്നെ അറിയിച്ചതോടെയാണ് കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്തത്.