മെമ്മറി കാർഡ് ചോർന്ന സംഭവം; അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് നടിക്ക് നൽകണമെന്ന് ഹൈക്കോടതി
|നടിയുടെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് നടിക്ക് നൽകാൻ ഹൈക്കോടതി നിർദേശം. നടിയുടെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. പകർപ്പ് വേണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.നടിക്ക് പകർപ്പ് കൈമാറുന്നതിനെയും ദിലീപ് എതിർത്തു.എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയ സംഭവം എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസാണ് അന്വേഷിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ പകർപ്പ് അതിജീവിതയ്ക്ക് നൽകാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തള്ളിയതിന് പിറകെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് ആരെന്ന് അറിയാനുള്ള തന്‍റെ അവകാശം ലംഘിക്കപ്പെട്ടുവെന്നായിരുന്നു നടിയുടെ വാദം. എന്നാൽ നടിയുടെ വാദം അംഗീകരിക്കരുതെന്നും റിപ്പോർട്ട് രഹസ്യരേഖയാക്കി വെക്കണമെന്നും പ്രതിയായ ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയ ജസ്റ്റിസ് കെ. ബാബു പകർപ്പിനായി ദിലീപ് അപേക്ഷ നൽകിയിട്ടുണ്ടോ എന്നും ചോദിച്ചു. മെമ്മറി കാർഡ് പരിശോധിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ ക്രമിനൽ നടപടി ചട്ടപ്രകാരം കുറ്റക്കാർക്കെതിരെ നടപടി എടുക്കാമെന്നാണ് ഹൈക്കോടതി നിർദേശം.
ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു കഴിഞ്ഞ മാസം കോടതി നിര്‍ദേശിച്ചത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യുമാറിയതിൽ വസ്തുതാ പരിശോധന നടത്തണമെന്ന് ഉത്തരവിട്ട ഹൈക്കോടതി അതിന് സെഷൻസ് ജഡ്ജിക്ക് ഏത് ഏജൻസിയെയും ആശ്രയിക്കാമെന്നും വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിൽ പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. 2022ൽ അതിജീവിത നൽകിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.
2018 ജനുവരിയിലും ഡിസംബറിലും 2021 ജൂലൈയിലുമാണ് മെമ്മറി കാർഡ് തുറന്നിരിക്കുന്നത്. ഇതിൽ അവസാന വട്ടം ഹാഷ് വാല്യുവിൽ മാറ്റമുണ്ടായതായാണ് കണ്ടെത്തൽ. ഈ തവണ ജിയോ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന വിവോ ഫോണിൽ നിന്നാണ് കാർഡ് തുറന്നിരിക്കുന്നത്. ഈ ഫോണിൽ വാട്ട്സ്ആപ്പ്, ടെലഗ്രാം അടക്കമുണ്ട്. ഫോണിലേക്ക് മെമ്മറി കാർഡ് ഇട്ട് പരിശോധിച്ച സാഹചര്യത്തിൽ തന്റെ ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടോ എന്ന ആശങ്കയാണ് നടി പ്രധാനമായും കോടതിയിൽ ഉന്നയിച്ചത്. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും അതിനാൽ ഇതിൽ അന്വേഷണത്തിനുത്തരവിടണമെന്നുമായിരുന്നു നടിയുടെ ആവശ്യം.