കോളജുകളിലെ അതിരുവിട്ട ഓണാഘോഷം: വാഹനങ്ങൾ കസ്റ്റഡിയിലെടുക്കണമെന്ന് ഹൈക്കോടതി
|കോളജ് കാമ്പസുകളില്‍ അതിരുവിട്ട ഓണാഘോഷമുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം
കൊച്ചി: ഫാറൂഖ്, കണ്ണൂര്‍ കാഞ്ഞിരോട് കോളജുകളിലെ അതിരുവിട്ട ഓണാഘോഷത്തിൽ നടപടിയെടുത്ത് ഹൈക്കോടതി. എല്ലാ വാഹനങ്ങളും കസ്റ്റഡിയിലെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു.
വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കര്‍ശന നിർദേശം നൽകി. നിയമലംഘനമുണ്ടെങ്കിൽ വാഹന ഡ്രൈവര്‍ക്കും ഉടമക്കും വാഹനത്തിലുണ്ടായിരുന്നവര്‍ക്കും എതിരെ കേസെടുക്കണം. വാഹനത്തിലുണ്ടായിരുന്നവരുടെ പേര് വിവരങ്ങള്‍ ഹാജരാക്കണമെന്നും ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് നിർദേശിച്ചു.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയോ എന്നും മോട്ടോര്‍ വാഹന വകുപ്പിനോട് ഹൈക്കോടതി ആരാഞ്ഞു. നടപടിക്രമം പാലിച്ച് വാഹന രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വാഹനങ്ങള്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറണമെന്നും 5000 രൂപ വീതം പിഴ ചുമത്തണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് കമ്മിഷണര്‍ രണ്ടാഴ്ചയ്ക്കകം വിശദ റിപ്പോര്‍ട്ട് നല്‍കണം. കോളജ് കാമ്പസുകളില്‍ അതിരുവിട്ട ഓണാഘോഷമുണ്ടോയെന്ന് പരിശോധിക്കണമെന്നും നിർദേശിച്ചു.