Kerala
highcourt, sslc, high court
Kerala

'എത്രപേരെ കയറ്റാമെന്ന് എഴുതിവെക്കണം'; ബോട്ടപകടം ഒഴിവാക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി

Web Desk
|
12 May 2023 10:55 AM GMT

''ആളുകൾ കയറാൻ പാടില്ലാത്ത സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കണം''

കൊച്ചി: സംസ്ഥാനത്ത് ബോട്ട് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗനിർദേശങ്ങളുമായി ഹൈക്കോടതി. സർവീസ് ആരംഭിക്കുന്നതിന് മുൻപ് എത്രപേരെ കയറ്റാമെന്ന ബോർഡ് ബോട്ടുകളിൽ സ്ഥാപിക്കാൻ കോടതി നിർദേശം നൽകി. ബോട്ടുകളിൽ ആളുകൾ കയറാൻ പാടില്ലാത്ത സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കണം, സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണം, സഞ്ചാരികളുടെ രജിസ്റ്റർ സൂക്ഷിക്കണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

നിയമം ലംഘിച്ച് കൂടുതൽ ആളുകൾ കയറിയാൽ ഉത്തരവാദിത്തം ബോട്ടുടമയ്ക്കും സ്രാങ്കിനുമാണെന്നും കോടതി പറഞ്ഞു. താനൂർ ബോട്ടപകടം പരിശോധിക്കാൻ അഡ്വ.വിഎം ശ്യാംകുമാറിനെ അമിക്യസ് ക്യൂറിയായി കോടതി തീരുമാനിച്ചു. കോടതിയുടെ നിർദേശങ്ങൾ നടപ്പാക്കുമെന്ന് സർക്കാരും ഉറപ്പ് നൽകി.

സ്വമേധയാ കേസെടുത്തതിന് ജഡ്ജിമാർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ രൂക്ഷമായാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചത്. അഭിഭാഷകർ പോലും സൈബർ ആക്രമണം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച കോടതി ജഡ്ജിമാരുടെ സഹിഷ്ണുത ബലഹീനതയായി കാണരുതെന്ന മുന്നറിയിപ്പും നൽകി.

അതേസമയം 22 ആളുകൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന അറ്റ്ലാൻഡിക് ബോട്ടിൽ 37 ആളുകളെ പ്രവേശിപ്പിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഹൈക്കോടതിയിൽ മലപ്പുറം ജില്ലാകലക്ടർ സമർപ്പിച്ച റിപ്പോർട്ട്. പെരുന്നാൾ സമയത്ത് ബോട്ട് സർവീസ് നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും ആരംഭിച്ചുവെന്ന് താനൂർ മുനിസിപ്പാലിറ്റിയും കോടതിയിൽ റിപ്പോർട്ട് നൽകി.

കൂടുതലാളുകളെ കയറ്റരുതെന്ന് പല തവണ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. 16 കുട്ടികൾ ഉൾപ്പെടെ 22 പേരുടെ ജീവൻ കവർന്ന അപകടം ഇനി ആവർത്തിക്കരുതെന്ന് പറഞ്ഞാണ് ബോട്ട് യാത്രയ്ക്ക് ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ജൂണ്‍ ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Similar Posts