അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നതിൽ ഹൈക്കോടതി തീരുമാനം ഇന്ന്; വിധി അനുകൂലമെങ്കിൽ ദൗത്യം നാളെ
|ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചിന്നക്കനാൽ, ശാന്തൻപാറ നിവാസികൾ
ഇടുക്കി: ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിൽ തീരുമാനം ഇന്നറിയാം. മിഷൻ അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് 1.45 ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിനൊപ്പം തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സംഘടന നൽകിയ ഹരജിയും ജോസ് കെ.മാണി എം.പി നൽകിയ ഹരജിയും കോടതിയുടെ പരിഗണനക്ക് വരും. അരിക്കൊമ്പനെ പിടികൂടേണ്ടതിന്റെ ആവശ്യകതയും മിഷനുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുമാണ് കോടതി വിലയിരുത്തുക. അരിക്കൊമ്പൻ ജനങ്ങൾക്കുണ്ടാക്കിയ നാശനഷ്ടടങ്ങളുടെ കണക്ക് സഹിതം കോടതിയെ ബോധ്യപ്പെടുത്താനാണ് സർക്കാർ ശ്രമം .
അതേസമയം, ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചിന്നക്കനാൽ, ശാന്തൻപാറ നിവാസികൾ. ഹൈക്കോടതിയിൽ നിന്ന് പ്രതികൂല വിധിയുണ്ടായാൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം .
കോടതിയിൽ പ്രതീക്ഷയർപ്പിച്ച് വനം വകുപ്പും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ദൗത്യത്തിനുള്ള എട്ട് ടീമുകളും സജ്ജമാണ്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നതും തുടരുകയാണ്. നിലവിൽ ദൗത്യമേഖലയായ സിമന്റ് പാലത്തിന് സമീപത്താണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. കോടതിയുടെ പരിഗണനയിലായതിനാൽ മോക്ഡ്രിൽ ഒഴിവാക്കിയിട്ടുണ്ട്. അനുകൂല വിധിയുണ്ടായാൽ 30 ന് അരിക്കൊമ്പനെ മയക്ക് വെടിവെക്കും.