കണ്ണൂർ വി.സി പുനർ നിയമനത്തിൽ ചട്ടലംഘനമില്ല: ഹൈക്കോടതി
|വൈസ് ചാൻസലർ പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്ന് ഹൈക്കോടതി
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനത്തിൽ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഹൈക്കോടതി. വൈസ് ചാൻസലർ പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്ന് ഹൈക്കോടതി പറഞ്ഞു.പുനർനിയമനം ആണെങ്കിൽ സെലക്ട് കമ്മിറ്റി രൂപീകരിക്കണമെന്ന് നിർബന്ധമില്ലെന്നും യുജിസി ചട്ടങ്ങളിൽ ഇക്കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്നുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.
പുനർ നിയമനം ചോദ്യം ചെയ്തുള്ള ഹർജി തള്ളി കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.ഗവർണറും, മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ കത്തിടപാട് ഈ ഹർജിയുടെ പരിധിയിൽ വരുന്നില്ല, അതിനാലാണ് ഈ രേഖകൾ വിളിച്ചു വരുത്തണമെന്ന അപേക്ഷ പരിഗണിക്കാത്തതെന്നും ഉത്തരവിലുണ്ട്.
കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത് ചോദ്യം ചെയ്ത് സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ. ഷിനോ.പി ജോസ് എന്നിവരാണ് ഹരജി നൽകിയിരുന്നത്.
കഴിഞ്ഞ നവംബർ 24 ന് കാലാവധി കഴിഞ്ഞതോടെ വിസിയെ വീണ്ടും നിയമിച്ചു. കാലാവധി നീട്ടുകയല്ല, പുനർ നിയമനം നടത്തുകയാണ് ചെയ്തത്. നടപടിക്രമങ്ങൾ പാലിച്ചല്ല നിയമനം നടത്തിയിരിക്കുന്നതെന്നായിരുന്നു ഹരജിയിലെ വാദം. എന്നാൽ ഹരജി ഫയലിൽ സ്വീകരിക്കാതെ തന്നെ കോടതി തള്ളി. സാധാരണ നിലയിൽ ഇത്തരം നിയമനങ്ങൾ നടത്താറുണ്ടന്നും മന്ത്രി കത്തെഴുതിയതിൽ അപാകതയില്ലന്നും വി.സി പ്രതികരിച്ചു.