'പണം നൽകാൻ കഴിയില്ലെങ്കിൽ അത് പറയൂ, ഹരജിക്കാരിയെ ഇകഴ്ത്തരുത്'; മറിയക്കുട്ടിയുടെ ഹരജിയിൽ സർക്കാരിനോട് ഹൈക്കോടതി
|ഹരജി രാഷ്ട്രീയപ്രേരിതമെന്ന സർക്കാർ വാദം ഞെട്ടിപ്പിക്കുന്നതെന്നും കോടതി
കൊച്ചി: പെൻഷൻ ആവശ്യപ്പെട്ടുള്ള മറിയക്കുട്ടിയുടെ ഹരജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഹരജി രാഷ്ട്രീയപ്രേരിതമെന്ന സർക്കാർ വാദം ഞെട്ടിപ്പിക്കുന്നതാണെന്ന് പരാമർശിച്ച കോടതി ഹരജിക്കാരിയെ എന്തിനാണ് ഇകഴ്ത്തുന്നതെന്ന് സർക്കാരിനോട് ചോദിച്ചു. കേന്ദ്ര-കേരള സർക്കാരുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കോടതിക്ക് വിഷയമല്ലെന്നും മറിയക്കുട്ടിയെ ഹൈക്കോടതി സംരക്ഷിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
"മറിയക്കുട്ടിയുടെ ഹരജി രാഷ്ട്രീയപ്രേരിതമെന്ന സർക്കാർ വാദം ഞെട്ടിപ്പിക്കുന്നതാണ്. പണം നൽകാൻ കഴിയില്ലെങ്കിൽ അത് പറയണം, അതിനെന്തിനാണ് ഹരജിക്കാരിയെ ഇങ്ങനെ ഇകഴ്ത്തുന്നത്. ഹരജിയുമായി ഒരു വ്യക്തി കോടതിയെ സമീപിക്കുമ്പോൾ എന്തൊക്കെ ആരോപണങ്ങളാണ് അവർക്കെതിരെ ഉണ്ടാകുന്നത്. ക്രിസ്മസ് കാലമാണ്... ജനങ്ങളുടെ ജീവിതം ഇങ്ങനെ നശിപ്പിക്കരുത്.
കേന്ദ്ര-കേരള സർക്കാരുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കോടതിക്ക് വിഷയമല്ല. സർക്കാർ പണം നൽകില്ലെന്ന് ഉറപ്പാണ്. ചാരിറ്റി വേണ്ടെന്നാണ് മറിയക്കുട്ടി പറയുന്നത്. ആ നിലപാടിന് സല്യൂട്ട്. മറിയക്കുട്ടിയെ പോലുള്ളവരോട് സഹതാപം മാത്രമേ ഉള്ളൂ. മറിയക്കുട്ടിയെ ഹൈക്കോടതി സഹായിക്കും. മറിയക്കുട്ടിക്ക് ഡിഎൽഎസ്എയുടെ സഹായം ആവശ്യമുണ്ടെങ്കിൽ കോടതിയെ അറിയിക്കാം.". ഹൈക്കോടതി പറഞ്ഞു.
ഒരു മാസം പെൻഷന് വേണ്ടി ചെലവഴിക്കുന്നത് 660 കോടിയെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. ആഗസ്ത് വരെയുള്ള പെൻഷൻ നൽകിയെന്നും, ചെറിയ തുക ആയിട്ടു പോലും കേന്ദ്രം വിഹിതം നൽകാത്തതിനാൽ അത് കൂടി ലഭിക്കാതെ എപ്പോൾ പണം നൽകുമെന്ന് പറയാൻ കഴിയില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. മാധ്യമവാർത്ത വന്നതിന് ശേഷം മറിയക്കുട്ടിയെ സഹായിക്കാൻ നിരവധി പേരുണ്ടെന്ന് കൂട്ടിച്ചേർത്ത സർക്കാർ ഹരജി രാഷ്ട്രീയപ്രേരിതമെന്ന് ആവർത്തിച്ചു. വിധവാ പെൻഷൻ സ്റ്റാറ്റിയൂട്ടറി പെൻഷൻ വിഭാഗത്തിലല്ല ഉൾപ്പെടുന്നതെന്നും ഫണ്ടിന്റെ പര്യാപ്തതയ്ക്കനുസരിച്ചാണ് പെൻഷൻ നൽകുന്നതെന്നുമായിരുന്നു സർക്കാറിന്റെ മറ്റൊരു വാദം.
ഹരജി പരിഗണിക്കവേ സർക്കാർ അഭിഭാഷകൻ കോടതിക്ക് നേരെ ക്ഷുഭിതനായി. സർക്കാരിനെതിരെ കോടതി ഉത്തരവിറക്കുന്നു എന്നതായിരുന്നു അഭിഭാഷകന്റെ കടുത്ത പരാമർശം. അഭിഭാഷകന്റെ സമീപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇദ്ദേഹം കോടതിക്കെതിരായ പരാമർശം പിൻവലിച്ചു.
ഹരജി പരിഗണിക്കുന്നതിനിടെ വികാരാധീനനായാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോടതിയിൽ പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിലുൾപ്പടെ കാണുന്ന പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് ബാറിലെ അഭിഭാഷകർ പോലും കോടതിയോട് പെരുമാറുന്നതെന്നായിരുന്നു ജഡ്ജിയുടെ പരാമർശം. തനിക്ക് ആരെയും പേടിയില്ലെന്നും ഉത്തരവുകളിറക്കാൻ തനിക്കൊരു ബുദ്ധിമുട്ടുമില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു. മറിയക്കുട്ടിയുടെ ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.