വിദ്യാഭ്യാസ മേഖലയെ കേന്ദ്രസർക്കാർ വർഗീയവത്കരിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു
|ഉന്നത വിദ്യാഭ്യാസ രംഗത്ത് വർഗീയതയുടെ അതിതീവ്ര പാഠങ്ങൾ എഴുതി ചേർത്തെന്നും ഭരണഘടനാപരമായ കാര്യങ്ങളിൽ കേന്ദ്രം മൗനം പാലിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി
കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. വിദ്യാഭ്യാസ മേഖലയെ കേന്ദ്രസർക്കാർ വർഗീയവത്കരിച്ചുവെന്നും അക്കാദമിക് പ്രവർത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടെന്നും മന്ത്രി ആരോപിച്ചു. എ.കെ.പി.സി.റ്റി.എ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം
"കേന്ദ്രം വർഗീയവത്കരണത്തേയും വരേണ്യവത്കരണത്തെയും ചേർത്ത് പിടിക്കുന്നു. കലാലയങ്ങളുടെ അസ്ഥിത്വത്തെ തന്നെ ബാധിക്കുന്നു. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ അനിശ്ചിതത്വത്തിന് ഇത് കാരണമാകാം. അക്കാദമിക് പ്രവർത്തനങ്ങൾക്ക് കൂച്ച് വിലക്കിടുന്ന ധിക്കാര സമീപനമാണ് കേന്ദ്രത്തിന്."- ആർ.ബിന്ദു പറഞ്ഞു.
കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയെ കമ്പോള യുക്തിക്ക് വിധേയമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്ത് വർഗീയതയുടെ അതിതീവ്ര പാഠങ്ങൾ എഴുതി ചേർത്തെന്നും ഭരണഘടനാപരമായ കാര്യങ്ങളിൽ മൗനം പാലിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിൽ യുഡിഫ് സർക്കാറും അമിതമായി വിദ്യാഭ്യാസ മേഖലയെ സ്വകാര്യ വത്കരിച്ചു. കേന്ദ്ര സർക്കാരിന്‍റെ എതിർ ദിശയിലാണ് ഇപ്പോള്‍ കേരള സർക്കാർ പ്രവർത്തിക്കുന്നത്. അതൊരു ജനകീയ ബദലാണെന്നും മന്ത്രി പറഞ്ഞു.