ഹൈറിച്ച് തട്ടിപ്പ് കേസ്; പ്രതികൾ സ്വീകരിച്ചത് 3141 കോടിയുടെ നിക്ഷേപം
|അന്താരാഷ്ട്ര പണമിടപാട് നടന്നതിന് തെളിവുകൾ ഇതുവരെയുള്ള അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്ന് സർക്കാർ
തിരുവനന്തപുരം: ഹൈറിച്ച് തട്ടിപ്പ് കേസിൽ പ്രതികൾ ആളുകളിൽ നിന്ന് സ്വീകരിച്ചത് 3141 കോടിയുടെ നിക്ഷേപമെന്ന് സർക്കാർ. അന്തർ സംസ്ഥാന പണമിടപാട് നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും എന്നാൽ അന്താരാഷ്ട്ര പണമിടപാട് നടന്നതിന് തെളിവുകൾ ഇതുവരെയുള്ള അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്നും നിയമസഭയിൽ ടി ജെ വിനോദ് എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.
ഇത് ആദ്യമായാണ് ഹൈറിച്ച് ഉടമകൾ ആളുകൾ നിന്നും സ്വീകരിച്ച നിക്ഷേപത്തിന്റെ കണക്ക് പുറത്തുവരുന്നത്. അന്തർ സംസ്ഥാനങ്ങളിൽ നിന്നും നിക്ഷേപകരുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ നിക്ഷേപകരായിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ 1600 കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ തട്ടിപ്പിന് അതിലും വലിയ വ്യാപ്തി ഉണ്ടെന്നാണ് ഇ ഡി യുടെ വിലയിരുത്തൽ. അതിനിടെ കെ ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷയെ ശക്തമായി എതിർത്തുകൊണ്ട് ഇ ഡി എതിർ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നാണ് എതിർ സത്യവാങ്മൂലത്തിൽ പറയുന്നത്.