![highrich investment fraud case ed raid in three states including Kerala highrich investment fraud case ed raid in three states including Kerala](https://www.mediaoneonline.com/h-upload/2024/06/11/1429095-higrich.webp)
ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ്; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ്
![](/images/authorplaceholder.jpg?type=1&v=2)
കേരളം,മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ 15 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
കൊച്ചി: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ രാജ്യവ്യാപകമായി ഇ.ഡി റെയ്ഡ്. കേരളം,മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ 15 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തിയിരുന്നു. അഡീഷണൽ സെഷൻ കോടതിയാണ് ജില്ലാ കലക്ടറുടെ നടപടി അംഗീകരിച്ചത്. ഹൈറിച്ച് ഉടമകളുടെ ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് സർക്കാർ ഏറ്റെടുക്കുക.
കേസിൽ ഹൈറിച്ച് കമ്പനിയുടെ സ്ഥാവരജംഗമ വസ്തുക്കളും ബാങ്ക് അക്കൗണ്ടുകളും താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇത് സ്ഥിരപ്പെടുത്തണമെന്ന സർക്കാരിന്റെ അപേക്ഷയിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. സ്വത്ത് സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ വാദം കോടതി അംഗീകരിക്കുകയും സ്വത്ത് സർക്കാരിലേക്കെടുക്കാൻ കോടതി ഉത്തരവിടുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ ഏപ്രിൽ 25ന് തന്നെ പൂർത്തിയായിരുന്നു. കേസ് മണിചെയിൻ തട്ടിപ്പല്ലെന്നും സാമ്പത്തിക തട്ടിപ്പുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്നുമായിരുന്നു ഹൈറിച്ചിന്റെ വാദം. എന്നാൽ കള്ളപ്പണ നിരോധന നിയമമടക്കമുപയോഗിച്ച് കേസെടുത്ത സാഹചര്യം പരിഗണിച്ചും സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ചുമാണ് കേസിൽ കോടതി വിധി വന്നത്.