ഹിന്ദുത്വ രാഷ്ട്രീയത്തിനും പൊളിറ്റിക്കൽ ഇസ്‌ലാമിനും എതിരെയുള്ള വിമർശനത്തിൽ മാറ്റമില്ല-വി.ടി ബൽറാം
|''ഉദയ്പൂരിൽ കൊലപാതകം നടത്തിയ ക്രിമിനലുകൾക്ക് സംഘ്പരിവാർ സംഘടനകളുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ഓരോന്നായി പുറത്തുവരുമ്പോൾ ഹിന്ദുത്വ ഫാസിസത്തിന്റെ ഹീനമായ മുഖം ഒരിക്കൽക്കൂടി അനാവൃതമാവുകയാണ്.''
പാലക്കാട്: ഉദയ്പൂരിൽ കൊലപാതകത്തിലെ പ്രതികളുടെ സംഘ്പരിവാർ ബന്ധം പുറത്തുവരുമ്പോൾ ഹിന്ദുത്വ ഫാസിസത്തിന്റെ ഹീനമായ മുഖമാണ് ഒരിക്കൽകൂടി പുറത്തുവരുന്നതെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. അതേസമയം, ഹിന്ദുത്വ രാഷ്ട്രീയത്തിനും പൊളിറ്റിക്കൽ ഇസ്‌ലാമിനും എതിരെയുള്ള വിമർശനം ഇനിയും തുടരുമെന്നും ബൽറാം വ്യക്തമാക്കി.
ഉദയ്പൂരിൽ കൊലപാതകം നടത്തിയ ക്രിമിനലുകൾക്ക് സംഘ്പരിവാർ സംഘടനകളുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ഓരോന്നായി പുറത്തുവരുമ്പോൾ ഹിന്ദുത്വ ഫാസിസത്തിന്റെ ഹീനമായ മുഖം ഒരിക്കൽക്കൂടി അനാവൃതമാവുകയാണ്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് വെറുപ്പും വിദ്വേഷവും വളർത്താനുള്ള അപകടകരമായ ഈ നീക്കത്തെ മതനിരപേക്ഷതയിലും സൗഹാർദപരമായ സാമുദായിക സഹവർത്തിത്തത്തിലും വിശ്വസിക്കുന്ന മുഴുവനാളുകളും ഒന്നിച്ചുനിന്ന് പരാജയപ്പെടുത്തേണ്ടതുണ്ട്. ഈ കുറ്റകൃത്യത്തേക്കുറിച്ചുള്ള അന്വേഷണം സമഗ്രവും സത്യസന്ധവുമായി മുന്നോട്ടുകൊണ്ടുപോയി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാൻ നമ്മുടെ നിയമസംവിധാനങ്ങൾക്ക് കഴിയുമെന്ന് ഉറപ്പുവരുത്തുകയാണ് ഇനിയുണ്ടാവേണ്ടത്-ഫേസ്ബുക്കിൽ ബൽറാം കുറിച്ചു.
അതേസമയം, ഹിന്ദുത്വ രാഷ്ട്രീയത്തിനും പൊളിറ്റിക്കൽ ഇസ്‌ലാമിനുമെതിരെയുള്ള വിമർശനത്തിന്റെ ആശയപരമായ പശ്ചാത്തലം താൻ നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെ പശ്ചാത്തലത്തിലല്ല, ഭരണഘടനാ മൂല്യങ്ങളിലൂന്നിയ ലിബറൽ ജനാധിപത്യ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഭാഗമായുള്ള സ്ഥിരം വിമർശനമാണത്. അതിൽ മാറ്റമില്ലെന്നും വി.ടി ബൽറാം വ്യക്തമാക്കി.
Summary: ''When the Sangh Parivar connection of the accused in the Udaipur murder case comes to light, the ugly face of Hindutva fascism is coming out once again'', says Congress leader VT Balram