ചരിത്രം ഒപ്പമില്ല; പിണറായിയുടെ തുടർഭരണ സ്വപ്‌നങ്ങൾ പൂവണിയുമോ?
|നായനാർക്ക് സാധിക്കാത്തത് പിണറായി വിജയന് സാധിക്കുമോ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്
ഭരണത്തുടർച്ച തന്നെയാണ് ലക്ഷ്യം എന്ന് പ്രഖ്യാപിക്കുന്ന 'ഉറപ്പാണ് എൽഡിഎഫ്' എന്നതാണ് ഇത്തവണ എൽഡിഎഫ് മുദ്രാവാക്യം. ആ ഉറപ്പ് യാഥാർത്ഥ്യമാകുമോ എന്നറിയാൻ ഇനി ഏതാനും മണിക്കൂറുകളുടെ ദൂരം മാത്രമേയുള്ളൂ. ഇടതിന്റെ പ്രതീക്ഷകൾ അങ്ങനെയാണ് എങ്കിലും കേരളത്തിലെ രാഷ്ട്രീയ ചരിത്രം സിപിഎമ്മിന് ഒപ്പമില്ല എന്നതാണ് യാഥാർത്ഥ്യം.
അഞ്ചു വർഷം വീതം ഇരുമുന്നണികളെയും ഭരണത്തിൽ പ്രതിഷ്ഠിക്കുന്നതാണ് കേരളത്തിന്റെ പൊതുരീതി. അതിന് ഇത്തവണ മാറ്റമുണ്ടാകുമെന്ന് ഇടതു മുന്നണി ഉറച്ചു വിശ്വസിക്കുന്നു. കേരളത്തിൽ തുടർഭരണം എന്ന സ്വപ്‌നം ആദ്യമായി യാഥാർത്ഥ്യമാക്കിയത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണിയാണ്.
1969 നവംബർ ഒന്നു മുതൽ 1979 വരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഐക്യമുന്നണി കേരളം ഭരിച്ചു. സി അച്യുതമേനോനായിരുന്നു രണ്ടു തവണയും മുഖ്യമന്ത്രി. തുടർച്ചയായി 2364 ദിവസമാണ് അച്യുതമേനോൻ അധികാരത്തിലിരുന്നത്. പിന്നീട് കോൺഗ്രസ് നേതാവ് കെ കരുണാകരനും രണ്ടു തവണ തുടർച്ചയായി മുഖ്യമന്ത്രി പദത്തിലിരുന്നു. 1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെയായിരുന്നു കരുണാകരന്റെ ആദ്യമൂഴം. തൊട്ടുപിന്നാലെ 1982 മുതൽ 1987 വരെ കരുണാകരൻ അധികാരത്തിലിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പിൽ കരുണാകരൻ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തി എങ്കിലും അതിന് 33 ദിവസം മാത്രമേ ആയുസ്സുണ്ടായുള്ളൂ. രാജൻ കേസിലെ ഹൈക്കോടതി പരാമർശത്തെ തുടർന്ന് അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടി വരികയായിരുന്നു.
തുടർഭരണം പ്രതീക്ഷിച്ച് ഒരിക്കൽ ഇടതുമുന്നണി കാലാവധി പൂർത്തിയാകും മുമ്പ് തെരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രവും സംസ്ഥാനത്തുണ്ട്. 1991ൽ കാലാവധി തികയാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് ഇ.കെ നായനാർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജില്ലാ കൗൺസിലിലെ മികച്ച ജയമാണ് നായനാരെ ഇതിന് പ്രേരിപ്പിച്ചത്. എന്നാൽ ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സഹതാപ തരംഗത്തിൽ കോൺഗ്രസ് അധികാരത്തിലെത്തി. ഒരിക്കൽക്കൂടി കരുണാകരൻ മുഖ്യമന്ത്രിയായി.
നായനാർക്ക് സാധിക്കാത്തത് പിണറായി വിജയന് സാധിക്കുമോ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. അത് സാധിക്കുമെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടുമെന്ന് തീർച്ച.