Kerala
പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നു; എ.പി അബ്ദുള്ളക്കുട്ടി
Kerala

"പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നു"; എ.പി അബ്ദുള്ളക്കുട്ടി

ijas
|
27 April 2022 9:19 AM GMT

"പതിനാല് വര്‍ഷം മുമ്പ് ഗുജറാത്ത് കണ്ട് പഠിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തും പുറത്തും ശക്തമായി പറഞ്ഞ ഒരാളായിരുന്നു ഞാന്‍"

കണ്ണൂര്‍: ഗുജറാത്ത് മോഡല്‍ ഭരണനിര്‍വ്വഹണം പഠിക്കാന്‍ തീരുമാനിച്ച കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി നേതാവുമായ എ.പി അബ്ദുള്ളക്കുട്ടി. പതിനാല് വര്‍ഷം മുമ്പ് ഗുജറാത്ത് കണ്ട് പഠിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തും പുറത്തും ശക്തമായി പറഞ്ഞ ഒരാളായിരുന്നു താനെന്നും ഇപ്പോള്‍ അതെല്ലാം ചെന്ന് കണ്ട് പഠിക്കാന്‍ തീരുമാനമെടുത്ത പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുകയാണെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ സമസ്ത മണ്ഡലങ്ങളിലും മാതൃകാപരമായ മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴത്തെ തീരുമാനത്തെ വൈകി വന്ന ബുദ്ധി എന്ന് വിമര്‍ശിക്കാനല്ല ഉള്ളില്‍ തട്ടി അഭിനന്ദിക്കാനാണ് തയ്യാറാവുന്നത്. ഗുജറാത്തില്‍ മാത്രം പോയാല്‍ പോര വേണമെങ്കില്‍ പിണറായി വിജയന്‍റെ ഭരണത്തിന് കീഴിലുള്ള കെ.എസ്.ആര്‍.ടി.സിയില്‍ നിന്നുള്ള ഒരു സംഘത്തെ യോഗി ആദിത്യനാഥിന്‍റെ ഭരണത്തിലുള്ള യു.പിയിലേക്ക് കൂടി അയക്കണമെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂരില്‍ വെച്ച് മാധ്യമങ്ങളോടായിരുന്നു എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാനായി ചീഫ് സെക്രട്ടറി വി പി ജോയിയേയും സ്റ്റാഫ് ഓഫീസര്‍ ഉമേഷ് ഐഎസിനേയുമാണ് സര്‍ക്കാര്‍ നിയോഗിച്ച് ഉത്തരവിറക്കിയത്. ഇരുവര്‍ക്കും ഇന്ന് മൂതല്‍ മൂന്ന് ദിവസത്തേക്ക് ഗുജറാത്തില്‍ പോകാന്‍ അനുമതി നല്‍കി. 2019 ല്‍ വിജയ് രൂപാണി സര്‍ക്കാര്‍ കൊണ്ടു വന്നതാണ് ഗുജറാത്ത് ചീഫ് മിനിസ്റ്റേഴ്സ് ഡാഷ് ബോര്‍ഡ് സിസ്റ്റം. സുസ്ഥിര വികസനത്തിനും നല്ല ഭരണത്തിനും ആവശ്യമായ കമാന്‍ഡ്, കണ്‍ട്രോള്‍, കംപ്യൂട്ടര്‍, കമ്മ്യൂണിക്കേഷന്‍, കോംബാറ്റ് എന്നി 5c കള്‍ വഴി സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനത്തിന്‍റെ ട്രാക്ക് സൂക്ഷിക്കുന്ന രീതിയാണിത്.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വീഡിയോ സ്ക്രീനുകളടക്കം സ്ഥാപിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇത് നടപ്പിലാക്കിയതിലൂടെ സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായാണ് ഗുജറാത്തിന്‍റെ അവകാശവാദം . കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കൂടി പരിഗണിച്ചാണ് പഠനമെന്നാണ് കേരള സര്‍ക്കാര്‍ വിശദീകരണം.

എ.പി അബ്ദുള്ളക്കുട്ടിയുടെ വാക്ക‍ുകള്‍:

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ സമസ്ത മണ്ഡലങ്ങളിലും മാതൃകാപരമായ മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ട്. കാര്‍ഷിക രംഗത്തും വ്യാവസായിക രംഗത്തും അടിസ്ഥാനപുരോഗതി രംഗത്തും വലിയ പുരോഗതി ഗുജറാത്തിലുണ്ടായിട്ടുണ്ട്. അതെല്ലാം ചെന്ന് പഠിക്കാന്‍ തീരുമാനമെടുത്ത സഖാവ് പിണറായി വിജയനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുകയാണ്. കാരണം പതിനാല് വര്‍ഷം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തും പുറത്തും ശക്തമായി ഇതേ കാര്യം പറഞ്ഞ ഒരാളായിരുന്നു ഞാന്‍. വികസനത്തിന് രാഷ്ട്രീയം പാടില്ല, ഗുജറാത്തിനെ കണ്ട് നമ്മള്‍ പഠിക്കണം. അതിന്‍റെ പേരില്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കിയതിനെ കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ ഗുജറാത്ത് വികസനം പഠിക്കാന്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു, അഭിനന്ദിക്കുന്നു. ഇതിനെ വൈകി വന്ന ബുദ്ധി എന്ന് വിമര്‍ശിക്കാനല്ല ഉള്ളില്‍ തട്ടി അഭിനന്ദിക്കാനാണ് ഞാന്‍ തയ്യാറാവുന്നത്.

ഗുജറാത്തില്‍ മാത്രം പോയാല്‍ പോര വേണമെങ്കില്‍ പിണറായി വിജയന്‍റെ ഭരണത്തിന് കീഴിലുള്ള കെ.എസ്.ആര്‍.ടി.സിയില്‍ നിന്നുള്ള ഒരു സംഘത്തെ യോഗി ആദിത്യനാഥിന്‍റെ ഭരണത്തിലുള്ള യു.പിയിലേക്ക് അയക്കണം. കേരളത്തിലെ കെ.എസ്.ആര്‍.ടി.സി എം.ഡി നെതര്‍ലെന്‍ഡിലേക്ക് പോയിരിക്കുകയാണത്രേ, കെ.എസ്.ആര്‍.ടി.സി നന്നാക്കാന്‍ പഠിക്കാന്‍. സത്യത്തില്‍ പോകേണ്ടത് യോഗിയുടെ നാട്ടിലേക്കാണ്. യോഗി ഇന്ത്യയില്‍ ട്രാന്‍സ്പോര്‍ട്ട് മേഖല ലാഭത്തിലാക്കിയ മുഖ്യമന്ത്രിമാരില്‍ ഒരാളാണ്. അദ്ദേഹം അധികാരത്തില്‍ വരുമ്പോള്‍ യു.പിയിലെ യു.പി.എസ്.ആര്‍.ടി.സി 153 കോടി രൂപ നഷ്ടത്തിലായിരുന്നു. അദ്ദേഹം ഒരു വര്‍ഷം കൊണ്ട് 83 കോടി രൂപ ലാഭത്തിലാക്കി. മുമ്പ് യു.പി ഭരിച്ചിരുന്ന മായാവതിയും മുലായം സിംഗ് യാദവാണെങ്കിലും കോണ്‍ഗ്രസാണെങ്കിലും അവിടുത്തെ ഗ്രാമങ്ങളെ തിരിഞ്ഞുനോക്കിയിരുന്നില്ല. സ്വാതന്ത്രൃം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞിട്ടും യു.പിയിലെ 32000 ഗ്രാമങ്ങളില്‍ ബസ് യാത്രയുണ്ടായിരുന്നില്ല. യോഗി ആദിത്യനാഥ് 26000 പുതിയ ഗ്രാമങ്ങളില്‍ ബസ് യാത്രാ സംവിധാനം ഒരുക്കി. ഈ മാതൃകയാണ് കേരളം പഠിക്കേണ്ടത്. കേരളത്തില്‍ രാഷ്ട്രീയ അതിപ്രസരം, നോക്കൂകൂലി, ഇപ്പോഴും ഹര്‍ത്താലും ബന്ദും പൊതുപണിമുടക്ക് എന്ന പേരില്‍ പത്ത് നാല്‍പ്പത് മണിക്കൂര്‍ ജനങ്ങളെ ബന്ദിയാക്കുന്ന രാഷ്ട്രീയം. ആ രാഷ്ട്രീയത്തില്‍ നിന്നും മാറണം, മാറി ചിന്തിക്കണം. അത്തരം വിമര്‍ശനങ്ങള്‍ ഒക്കെ നിലനിര്‍ത്തി കൊണ്ട് സഖാവ് പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിക്കുകയാണ്. ഇത് മാതൃകാപരമായ തീരുമാനമാണ്, സ്വാഗതാര്‍ഹമായ തീരുമാനമാണ്.

AP Abdullakutty congratulates Pinarayi Vijayan for deciding to study Gujarat model

Similar Posts