ജവാദിന് വിട, മൃതദേഹം ഖബറടക്കി
|മരണം വര്‍ഷങ്ങളായി നിഴല്‍ പോലെ കൂടെയുണ്ടെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്ക് കാരുണ്യ ഹസ്തം നീട്ടിയവനായിരുന്നു ജവാദ്
ഇന്നലെ അന്തരിച്ച മീഡിയവണ്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ജീവനക്കാരനും ആതുരസേവന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ടി കെ ജവാദിന്റെ മൃതദേഹം ഖബറടക്കി. മലപ്പുറം എടവണ്ണപ്പാറ കാമശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ അന്തിമോപചാരമര്‍പ്പിക്കാനെത്തി.
രക്താര്‍ബുദത്തിന്‍റെ രൂപത്തില്‍ മരണം വര്‍ഷങ്ങളായി നിഴല്‍ പോലെ കൂടെയുണ്ടെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്ക് കാരുണ്യ ഹസ്തം നീട്ടിയവനായിരുന്നു ജവാദ്. രോഗം കാര്‍ന്നു തിന്നുന്ന വേദനയിലും മാറാ രോഗികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു. എടവണ്ണപ്പാറയിലെ വീട്ടില്‍ ജവാദിനെ അവസാനമായി എത്തിച്ചപ്പോള്‍ ഒരു നോക്ക് കാണാനെത്തിയവരൊക്കെ പങ്കിട്ട വേദനയും അതുതന്നെയായിരുന്നു.
വിഖായ, വൈറ്റ് ഗാര്‍ഡ് , ട്രോമാകെയര്‍ വളണ്ടിയര്‍.. ജവാദ് സേവനത്തിന് വേദിയാക്കിയ സംഘങ്ങളാണ് ഇതൊക്കെയും. ഗുരുതര രോഗം ബാധിച്ചവര്‍ക്ക് രാജ്യത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നും മരുന്നെത്തിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നു ജവാദ്. സ്വന്തം ചികിത്സക്കായി ലക്ഷങ്ങള്‍ വേണ്ട അവസ്ഥയിലായിരിക്കുമ്പോഴും നിര്‍ധന രോഗികളുടെ ചികിത്സാ സഹായത്തിനായി ജവാദിറങ്ങും. ജവാദിന്‍റെ വിയോഗം സൃഷ്ടിച്ച വിടവ് എത്ര വലുതാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടേയും നിര്‍മല്‍ പാലാഴിയുടേയും ഫിറോസ് കുന്നംപറമ്പിലിന്‍റേയുമൊക്കെ ഫേസ് ബുക്ക് പോസ്റ്റില്‍ കണ്ണോടിച്ചാല്‍ മതി. ജീവിതത്തിന്‍റെ മഹത്തായ സന്ദേശം ഈ ലോകത്ത് അവശേഷിപ്പിച്ചാണ് ജവാദ് മടങ്ങുന്നത്.