Kerala
തിരുവനന്തപുരത്ത് വീടിനുനേരെ അജ്ഞാതന്‍റെ ആക്രമണം; മ്യൂസിയം കേസിലെ പ്രതിയെന്ന് സംശയം
Kerala

തിരുവനന്തപുരത്ത് വീടിനുനേരെ അജ്ഞാതന്‍റെ ആക്രമണം; മ്യൂസിയം കേസിലെ പ്രതിയെന്ന് സംശയം

Web Desk
|
29 Oct 2022 4:02 AM GMT

വീട്ടിൽ കയറിപ്പറ്റിയ അക്രമി ടെറസിൽ കുറച്ചുനേരം കറങ്ങിനടന്ന ശേഷം മതിലുചാടി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കുറവൻകോണത്ത് വീടിനുനേരെ അജ്ഞാതന്റെ ആക്രമണം. പിന്നിൽ തിരുവനന്തപുരം മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ കടന്നുപിടിച്ച കേസിലെ പ്രതിയാണോയെന്ന് സംശയമുണ്ട്. ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. സംഭവത്തിൽ വീടിന്റെ ജനൽ ചില്ല് തകർന്നിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുറവൻകോണത്തെ അശ്വതിയുടെ വീട്ടിലാണ് അക്രമം നടന്നത്.

മ്യൂസിയം അതിക്രമ കേസിലെ പ്രതിയുടെ രേഖാചിത്രം കഴിഞ്ഞ ദിവസം പോലീസ് പുറത്തുവിട്ടിരുന്നു. ഇതോടെയാണ് വീട് ആക്രമിച്ചത് ഇയാൾ തന്നെയാണോയെന്ന സംശയം ബലപ്പെട്ടതെന്ന് വീട്ടുകാർ പറഞ്ഞു. സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് അക്രമിയുടെ മുഖമടക്കം വ്യക്തമായത്. കുറവൻകോണവും മ്യൂസിയവും തമ്മിൽ ഏകദേശം മൂന്ന് കിലോമീറ്റർ വ്യത്യാസം മാത്രമാണുള്ളത്. ചൊവ്വാഴ്‌ച 9.45ഓടെ വീട്ടിൽ കയറിപ്പറ്റിയ അക്രമി ടെറസിൽ കുറച്ചുനേരം കറങ്ങിനടന്ന ശേഷം മതിലുചാടി പുറത്തേക്ക് പോയി. അൽപനേരം കഴിഞ്ഞ് കയ്യിൽ ചുറ്റികയുമായി വീണ്ടും മതിലുചാടി എത്തിയ ശേഷമാണ് ജനൽചില്ലുകൾ തകർത്തത്.

മ്യൂസിയത്തിൽ സ്ത്രീക്ക് നേരെ അതിക്രമമുണ്ടായത് ബുധനാഴ്ച പുലർച്ചെയാണ്. അതിനാൽ ഈ രണ്ടുസംഭവങ്ങളും കൂട്ടിച്ചേർത്ത് വായിക്കണമെന്നാണ് വീട്ടുകാർ പറയുന്നത്. മോഷണമായിരുന്നോ അക്രമിയുടെ ലക്ഷ്യമെന്നും സംശയമുണ്ട്. എന്നാൽ ഇത്രയും അലസമായി മുഖം പോലും മറക്കാതെ എങ്ങനെയാണ് ഒരാൾ മോഷ്ടിക്കാൻ എത്തുന്നതെന്ന സംശയവും വീട്ടുകാർക്കുണ്ട്. വിവരം മ്യൂസിയം പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Similar Posts