നെഹ്റുട്രോഫി വള്ളംകളിക്ക് അമിത് ഷാ എത്തില്ല
|അമിത്ഷായെ വള്ളംകളിക്ക് ക്ഷണിച്ച മുഖ്യമന്ത്രിയുടെ നടപടി വിവാദമായിരുന്നു
ന്യൂഡൽഹി: സെപ്തംബർ നാലിന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി അമിത് ഷാ പങ്കെടുക്കില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശന പട്ടികയിൽ ആലപ്പുഴ ഉൾപ്പെടുത്തിയിട്ടില്ല.
ഔദ്യോഗിക തിരക്കുകളാണ് പരിപാടിയിൽ പങ്കെടുക്കാത്തതിന് കാരണമെന്നാണ് സൂചന. അമിത്ഷായെ വള്ളംകളിക്ക് ക്ഷണിച്ച മുഖ്യമന്ത്രിയുടെ നടപടി വിവാദമായിരുന്നു.
ഈ മാസം മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റർസ്റ്റേറ്റ് കൗൺസിൽ യോഗത്തിനെത്തുന്ന അമിത് ഷായെ നെഹ്റുട്രോഫി വള്ളംകളിക്ക് ക്ഷണിച്ചിരുന്നു. ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. അമിത് ഷായെ ക്ഷണിച്ച് കഴിഞ്ഞ 23നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്തയച്ചത്.
കോവളത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗത്തിനെത്തുമ്പോൾ വള്ളംകളിയിലും പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നത്. ഇത് വലിയ വിമർശനത്തിന് കാരണമാവുകയും പ്രതിപക്ഷമടക്കം ശക്തമായ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് 2020ലും 2021ലും നെഹ്‌റു ട്രോഫി വള്ളംകളി നടന്നിരുന്നില്ല. 2019 ആഗസ്റ്റ് 31നാണ് ഏറ്റവും ഒടുവിൽ മത്സരം നടന്നത്. ഇടവേളയ്ക്കുശേഷം സെപ്തംബർ നാലിനു നടക്കുന്ന വള്ളംകളി കൂടുതൽ സമുചിതമായി നടത്താനാന് സംഘാടകസമിതിയുടെ തീരുമാനം. ഇത്തവണ വള്ളംകളിക്കൊപ്പം ഈ വർഷത്തെ ചാംപ്യൻസ് ട്രോഫി വള്ളംകളിയുടെ ആദ്യ മത്സരവും നടക്കുന്നുണ്ട്.