ജസീലയുടെ ഭർത്താവിന്റെ കാര്യത്തിലാണ് തീരുമാനമാവേണ്ടത്, സർക്കാർ തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു: സലീം മടവൂർ
|''ശ്രീറാം വെങ്കട്ടരാമനും ഭാര്യ രേണു രാജിനും ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് ഓടിയെത്താവുന്ന രീതിക്കാണ് നിയമനം നൽകിയത്''
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ വീണ്ടും വിമർശനവുമായി ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂർ.
ശ്രീറാം വെങ്കട്ടരാമനും ഭാര്യക്കും ഒരു മണിക്കൂറിനുള്ളില്‍ ഓടിയെത്താവുന്ന രീതിക്കാണ് സർക്കാർ നിയമനം നൽകിയത്. എന്നാല്‍ തിരൂരിൽ ജസീല എന്ന പെൺകുട്ടി ഒരിക്കലും വിളിച്ചാൽ വരാത്ത ഭർത്താവിന്റെ ഓർമകളുമായി ജീവിക്കുകയാണെന്നായിരുന്നു സലീം മടവൂരിന്റെ പരാമർശം.
മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ ഇതൊക്കെ അറിയുന്ന രണ്ടു മന്ത്രിമാർ അവിടെ ഇരിപ്പുണ്ടായിരുന്നുവെന്നതാണ് ഏറെ വേദനിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തീരുമാനം സർക്കാർ തിരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
ജസീലയുടെ ഭർത്താവിന്റെ കാര്യത്തിലാണ് തീരുമാനമാവേണ്ടത്.
ശ്രീറാം വെങ്കട്ടരാമനും ഭാര്യയായ രേണു രാജിനും ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് ഓടിയെത്താവുന്ന അടുത്തടുത്ത ജില്ലകളായ ആലപ്പുഴയിലും എറണാകുളത്തും ദാമ്പത്യത്തിന് സൗകര്യപ്രദമായ നിയമനം നൽകിയവരോട് ഒന്നേ പറയാനുള്ളൂ. തിരൂരിൽ ജസീല എന്ന പെൺകുട്ടി, ജീവിതത്തിൽ ഒരിക്കലും വിളിച്ചാൽ വരാത്തത്രയും ദൂരത്തുള്ള ഭർത്താവ് ബഷീറിന്റെ ഓർമകളുമായി, വൈധവ്യവുമനുഭവിച്ച്, വേദന കടിച്ചമർത്തി ജീവിക്കുകയാണ്. ബഷീറിന്റെ പിഞ്ചു പൈതങ്ങൾ ഉപ്പയില്ലാതെ ജീവിക്കുകയാണ്. ഇതൊക്കെ വ്യക്തമായറിയാവുന്ന രണ്ട് മന്ത്രിമാർ ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴയിൽ കലക്ടറായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിക്കുമ്പോൾ, അവിടെ ഇരിപ്പുണ്ടായിരുന്നുവെന്നത് അതിലേറെ വേദനിപ്പിക്കുന്നു. സർക്കാർ തീരുമാനം തിരുത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.