ഗർഭസ്ഥശിശുവിന്റെ മരണം; ആശുപത്രിയിൽ സംഘർഷം-ഡോക്ടർക്ക് പരിക്ക്
|മൂവാറ്റുപുഴ പേഴക്കാപിള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം
കൊച്ചി: ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ആശുപത്രിയിൽ സംഘർഷം. മൂവാറ്റുപുഴ പേഴക്കാപിള്ളി സബയ്ൻ ആശുപത്രിയിലാണ് ബന്ധുക്കൾ ആക്രമിച്ചത്. സംഭവത്തിൽ ഡോക്ടറും പി.ആർ.ഒയും അടക്കം നാലുപേർക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. ആശുപത്രി സ്ഥിതിചെയ്യുന്ന പേഴയ്ക്കാപിള്ളി സ്വദേശിയായ യുവതിയെ ഇവിടെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് കുഞ്ഞ് മരിച്ചുവെന്ന വിവരമാണ് ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചത്.
ഇതോടെ കുടുംബം പ്രതിഷേധവുമായി എത്തുകയായിരുന്നു. ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രി അധികൃതരുമായി വാക്കുതർക്കമുണ്ടാകുകയും ഇത് ഉന്തിലും തല്ലിലും കലാശിക്കുകയുമായിരുന്നു. ഇതിലാണ് ഡോക്ടർക്കടക്കം പരിക്കേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ, പ്രസവചികിത്സയുടെ ഭാഗമായി സ്‌കാനിങ്ങിൽ പ്രശ്‌നം കണ്ടതിനെ തുടർന്ന് ഗർഭിണിയോട് ഉടൻ അഡ്മിറ്റാകാൻ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. എന്നാൽ, ഇതിനു കൂട്ടാക്കാതെ യുവതിയുമായി കുടുംബം വീട്ടിലേക്കു പോകുകയായിരുന്നു. പിന്നീട് കുഞ്ഞിന് അനക്കമില്ലെന്ന് തോന്നിയാണ് ആശുപത്രിയിലെത്തിച്ചത്. ഇതിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
Summary: Attack against doctor and staffs protesting against the death of an unborn child at a private hospital in Pezhakkappilly, Muvattupuzha, Ernakulam.