കുസാറ്റിലെ ഹോസ്റ്റൽ ആക്രമണം; അന്വേഷണം തുടങ്ങി പൊലീസ്
|അക്രമം നടത്തിയ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഹോസ്റ്റലിലുണ്ടായ ആക്രമണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിലെ സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് അക്രമം നടത്തിയ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവർക്കെതിരെ ഇന്ന് തന്നെ കേസെടുക്കാനാണ് സാധ്യത.
കുസാറ്റ് ബി ടെക് വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഇന്നലെ ആക്രമണമുണ്ടായത്. ഹോസ്റ്റലിലെ ഒരു മുറിയിൽ തീയിടുകയും ചെയ്തു. കമ്പിപ്പാരയുള്പ്പെടെയുളള വസ്തുക്കളുമായി ഒരു സംഘം ഹോസ്റ്റലിലെത്തി ആക്രമണം നടത്തിയത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് പ്രധാന തെളിവായി സ്വീകരിച്ചാണ് പൊലീസ് അന്വേഷണം. എസ് എഫ് ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റ ഹോസ്റ്റൽ മെസ് സെക്രട്ടറി ഹാനി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ, ആക്രമണത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. എസ്എഫ് ഐ പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ ഒരു വിഭാഗം വിദ്യാര്‍ഥികളുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.