ഭക്ഷണത്തിൽ ചത്ത എട്ടുകാലി; കുന്നംകുളത്ത് ഹോട്ടലിന് പൂട്ടുവീണു
|പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
തൃശൂർ: കുന്നംകുളത്ത് ഹോട്ടലിൽ നിന്നും നൽകിയ ഭക്ഷണത്തിൽ ചത്ത എട്ടുകാലി. സംഭവത്തിൽ മരത്തംകോട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ അടപ്പിച്ചു. കുന്നംകുളം ഗുരുവായൂർ റോഡിൽ പ്രവർത്തിക്കുന്ന ഭാരത് ഹോട്ടലാണ് ആരോഗ്യ വിഭാഗം അധികൃതർ പൂട്ടിച്ചത്.
യുവതി ഓർഡർ ചെയ്ത മസാലദോശ കഴിക്കുന്നതിനിടയിലാണ് ഇതിൽ നിന്നും ചത്ത എട്ടുകാലിയെ ലഭിച്ചത്. തുടർന്ന് സംഭവം ഹോട്ടൽ ജീവനക്കാരെ അറിയിച്ച യുവതി കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗത്തിന് പരാതി നൽകി.സ്ഥലത്തെത്തിയ നഗരസഭ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എസ് ഷീബ, പി.പി വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തി.
പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടയ്ക്കാൻ ആരോഗ്യ വിഭാഗം നിർദേശം നൽകി. ഹോട്ടലുകളിൽ വൃത്തിഹീനമായ ഭക്ഷണം നൽകുന്ന സാഹചര്യത്തിൽ മേഖലയിൽ വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.