Kerala
Hotel owner and children beaten up alleges small chilly served with shawarma in malappuram
Kerala

ഷവർമയ്ക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞെന്ന്; മലപ്പുറത്ത് ഹോട്ടൽ ഉടമയ്ക്കും മക്കൾക്കും മർദനം

Web Desk
|
9 May 2024 5:30 PM GMT

സംഭവത്തിൽ നാല് പേരെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: ഷവർമയ്ക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയ്ക്കും മക്കൾക്കും മർദനം. മലപ്പുറം പുത്തനത്താണിയിലെ എൻ.ജെ ബേക്ക്സ് ആൻഡ് കഫേയിലാണ് അക്രമം നടന്നത്. ഹോട്ടൽ ഉടമയും മക്കളും അടക്കം മൂന്ന് പേർക്കാണ് മർദനമേറ്റത്. സംഭവത്തിൽ നാല് പേരെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

വയനാട് സ്വദേശി കരീമിന്റേതാണ് ഹോട്ടൽ. കരീം, മക്കളായ മുഹമ്മദ് ഷബിൽ, അജ്മൽ എന്നിവർക്കാണ് മർദനമേറ്റത്. ഷവർമയ്ക്കൊപ്പം നൽകിയ സലാഡിലെ മുളക് ചെറുതാണെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞ സംഘം, നിങ്ങളുടെ സ്ഥലമെവിടെയെന്ന് ചോദിക്കുകയും വയനാടാണെന്ന് പറഞ്ഞപ്പോൾ ഇനിയവിടേക്ക് പോവില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മർദനമേറ്റ മക്കളിലൊരാൾ പറഞ്ഞു.

തുടർന്ന്, സംഘത്തിലെ ഒരാൾ മറ്റുള്ളവരോട് തല്ലാൻ പറയുകയും മറ്റൊരാൾ വണ്ടിയിൽ നിന്ന് കമ്പിയെടുത്ത് കൊണ്ടുവന്ന് പിതാവിനെ ക്രൂരമായി മർദിക്കുകയുമായിരുന്നെന്നും തടയാൻ ചെന്ന തന്നെ കഴുത്തുപിടിച്ച് സ്റ്റെയർകേസിൽ തലയിടിപ്പിച്ചെന്നും യുവാവ് പറഞ്ഞു. നിലത്തുവീണപ്പോൾ ഡ്രൈവർ ഓടിവന്ന് തന്റെ തലയിൽ ചവിട്ടിയെന്നും യുവാവ് കൂട്ടിച്ചേർത്തു.

ആക്രമണ വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി വിവരം ശേഖരിച്ച് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതികളായ മുജീബ്, മുഹമ്മദ് ഹനീഫ്, സത്താർ, ജനാർദനൻ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Similar Posts