ഇതരസംസ്ഥാന തൊഴിലാളികളുടെ പണവുമായി ഹോട്ടൽ ഉടമ മുങ്ങിയതായി പരാതി
|ശമ്പളമായി ലഭിക്കാനുള്ള 40,000 രൂപയ്ക്ക് പുറമേ തൊഴിലാളിയുടെ അക്കൗണ്ടിൽ കിടന്ന പണവും ഉടമ വാങ്ങിച്ചെടുത്തു
കോട്ടയം: പാലായിൽ ഹോട്ടൽ തൊഴിലാളികളുടെ പണവുമായി ഹോട്ടൽ ഉടമ മുങ്ങിയതായി പരാതി. ശമ്പളമായി ലഭിക്കാനുള്ള 40,000 രൂപയ്ക്ക് പുറമേ തൊഴിലാളിയുടെ അക്കൗണ്ടിൽ കിടന്ന പണവും ഉടമ വാങ്ങിച്ചെടുത്തതായാണ് പരാതി. സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആസാം ദാപത്തർ സ്വദേശികളായ മദുയ ബറുവയ്ക്കും സുഹൃത്ത് അജയ്ക്കുമാണ് പണം നഷ്ടമായത്. പൂവരണിക്ക് സമീപത്തെ ഹോട്ടലിൽ കഴിഞ്ഞ കുറേ നാളായി ഇവർ ജോലി ചെയ്ത് വരുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് ഉടമ ഇവരുടെ ശബളവും അക്കൗണ്ടിൽ കിടന്ന പണവും വാങ്ങിച്ചെടുത്തു. പിന്നീട് ഒരു സുപ്രഭാതത്തിൽ കടപൂട്ടി മുങ്ങിയെന്നാണ് പരാതി.
കഴിഞ്ഞ ജൂലൈ 30ന് ബറുവയുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്നും 30000 രൂപ വാങ്ങിയത്. അജയ്യുടെ പക്കൽ നിന്നും 10000 രൂപയും വാങ്ങി. കൂടാതെ അക്കൗണ്ടിൽ കിടന്ന തുകയും പലപ്പോഴായി വാങ്ങിയെടുത്തിട്ടുണ്ട്. നാട്ടിൽ വീട് വെയ്ക്കാനായി സ്വരുക്കൂട്ടിയ പണമാണ് ഉടമ ഇവരുടെ കയ്യിൽ നിന്നും തട്ടിയെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.