85 ലക്ഷം രൂപ മുടക്കി സതീശൻ പാച്ചേനിയുടെ കുടുംബത്തിന് വീട്; താക്കോൽദാനം ഇന്ന്
|സ്വന്തം വീട് വിറ്റ് കിട്ടിയ പണംകൊണ്ട് പാർട്ടിക്ക് കണ്ണൂരിൽ ആസ്ഥാനമന്ദിരം പണിത നേതാവാണ് സതീശൻ പാച്ചേനി
കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ കുടുംബത്തിനായി കണ്ണൂർ ഡിസിസി നിർമിച്ച വീടിന്റെ താക്കോൽദാനം ഇന്ന് നടക്കും. 85 ലക്ഷം രൂപ മുടക്കിയാണ് പരിയാരം അമ്മാനപ്പാറയിൽ വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. സ്വന്തം വീട് വിറ്റ് കിട്ടിയ പണംകൊണ്ട് പാർട്ടിക്ക് കണ്ണൂരിൽ ആസ്ഥാനമന്ദിരം പണിത നേതാവാണ് സതീശൻ പാച്ചേനി. സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കി വെച്ചായിരുന്നു പാച്ചേനിയുടെ ആകസ്മിക വേർപാട്.
പാർട്ടി ഓഫീസിനായി മുടക്കിയ തുക നേതൃത്വം പിന്നീട് പാച്ചേനിക്ക് മടക്കി നൽകിയിരുന്നു. ഈ പണം ഉപയോഗിച്ച് പരിയാരം അമ്മാനപ്പാറയിൽ പാച്ചേനി പതിനാലര സെന്റ് ഭൂമി വാങ്ങിയിരുന്നു. അവിടെയാണ് കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ കുടുംബത്തിനായി സ്‌നേഹ വീട് ഒരുക്കിയത്. രണ്ട് നിലകളിലായി 2900 ചതുരശ്ര അടിയിൽ ഒരുക്കിയ വീടിന് 85 ലക്ഷം രൂപയാണ് നിർമാണ ചിലവ്. കഴിഞ്ഞ മാർച്ച് 23 തുടങ്ങിയ വീട് പണി പത്തുമാസം കൊണ്ട് പൂർത്തിയാക്കാൻ ജില്ലാ നേതൃത്വത്തിന് സാധിച്ചു. പാച്ചേനിയെ സ്‌നേഹിക്കുന്ന നിരവധിപേർ ഈ സംരംഭത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഇന്ന് രാവിലെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ വീടിന്റെ താക്കോൽ സതീശൻ പച്ചേനിയുടെ കുടുംബത്തിന് കൈമാറും.