വീട്ടമ്മയുടെ മൃതദേഹം അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
|മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്
ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയുടെ മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കേസിൽ ഒളിവിൽ പോയ ബിനോയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മരിച്ച സിന്ധുവിന്റെ മൃതദേഹം ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇന്ന് പുറത്തെടുക്കും.
ഇന്നലെയാണ് പണിക്കൻ കുടിയിൽ വാടയ്ക്ക് താമസിച്ചിരുന്ന സിന്ധുവിന്റെ മൃതദേഹം അയൽവാസിയായിരുന്നു ബിനോയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. അടുക്കളയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ബിനോയ് ഒളിവിൽ പോയതായാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾ ചില സുഹൃത്തുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചതായി സുചനയുണ്ട്. നിരവധി കേസുകളിലെ പ്രതിയാണ് ബിനോയ്. ജില്ലയുടെ അതിർത്തി മേഖലകൾ കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാളുടെ പണം ഇടപാടുകളും പൊലീസ് പരിശോധിച്ച് വരുകയാണ്. മരിച്ച സിന്ധുവും ബിനോയും ഏറെനാളായി ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ 15 നാണ് സിന്ധുവിനെ കാണാനില്ല എന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പരിസര പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല.
ഒടുവിൽ സിന്ധുവിന്റെ ഇളയ കുട്ടിയുടെ സംശയമാണ് കേസിൽ നിർണായകമായത്. ബിനോയയുടെ വീടിന്റെ അടുക്കളയിലെ മണ്ണ് ഇളകി കിടക്കുന്നതായി കുട്ടി ബന്ധുക്കളോട് പറഞ്ഞു. തുടർന്നു ഇവർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ മൃതദേഹം ഇന്ന് പുറത്തെടുക്കും.