രണ്ടാം ലോകയുദ്ധം മുതൽ മുണ്ടക്കൈ വരെ... രക്ഷകനായി കടൽ കടന്നെത്തിയ ബെയ്‌ലി പാലം
|ഒരു വശത്തുനിന്ന് പാലത്തിന്റെ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചശേഷം തള്ളി നീക്കി എതിർവശത്തെ അടിത്തറക്ക് മുകളിലെത്തിച്ചാണ് പാലം ഉറപ്പിക്കുന്നത്.
കോഴിക്കോട്: നെഞ്ചുലയ്ക്കുന്ന കാഴ്ചകളാണ് വയനാട്ടിൽ നിന്ന് ഓരോ നിമിഷവും പുറത്തുവരുന്നത്. ദുരന്തമുഖത്തുനിന്ന് അവസാനത്തെയാളെയും രക്ഷപ്പെടുത്തുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ കൈമെയ് മറന്ന് പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർക്ക് മുന്നിലുള്ളൂ. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് കടക്കാനുള്ള താൽക്കാലിക പാലത്തിന്റെ (ബെയ്‌ലി പാലം) നിർമാണം പുരോഗമിക്കുകയാണ്.
190 അടി നീളത്തിലാണ് പാലം നിര്‍മിക്കുന്നത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും. പുഴയിലെ ശക്തമായ കുത്തൊഴുക്കിനിടയിലും ബെയ്‌ലി പാലത്തിന്റെ നിർമാണം തുടരുകയാണ് സൈന്യം. 10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ച് സൈന്യത്തിന്റെ എഞ്ചിനിയർ വിഭാഗമാണ് പാലം നിർമിക്കുന്നത്. നിലവിൽ പുഴയുടെ പകുതിയോളം ദൂരം പൂർത്തിയാക്കിയ പാലം നാളെ രാവിലെയോടെ തയാറാകുമെന്നാണ് കരുതുന്നത്.
എന്താണ് ബെയ്‌ലി പാലം?
ബ്രിട്ടീഷ് സർക്കാറിൽ ഉദ്യോഗസ്ഥനായിരുന്ന ഡോണാൾഡ് ബെയ്‌ലിയിൽ നിന്നാണ് ഈ താൽക്കാലിക പാലത്തിന്റെ ആശയം പിറവിയെടുക്കുന്നത്. പലപ്പോഴായി ഒരു ഹോബിയെന്ന വണ്ണം പാലത്തിന്റെ വിവിധ മാതൃകകൾ അദ്ദേഹം അവതരിപ്പിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്താണ് ബെയ്‌ലി പാലം ബ്രിട്ടീഷ് സൈന്യം ആദ്യമായി പരീക്ഷിച്ചത്. മുൻകൂട്ടി നിർമിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ താത്ക്കാലിക പാലമാണിത്.
ഡോണാൾഡ് ബെയ്‌ലി
ഉരുക്കും തടിയുമാണ് പാലത്തിന്റെ പ്രധാന ഘടകങ്ങൾ. നിർമാണത്തിന്റെ ആദ്യപടി സാധ്യതകൾ പരിശോധിച്ച് ഒരു രൂപകൽപ്പന തയ്യാറാക്കുകയെന്നതാണ്. താരതമ്യേന ഭാരക്കുറവുള്ള ഘടകങ്ങൾ ട്രക്കുകളിൽ നിർമാണ സ്ഥലത്തെത്തിക്കാം. ക്രെയിൻ സഹായമില്ലാതെ ട്രക്കുകളിൽ ഇവയെത്തിക്കാനാകും. എന്നാൽ, കനമേറിയ ടാങ്കറുകൾ വരെ ഇതിലൂടെ കയറ്റാം. അതുകൊണ്ടുതന്നെ കാലക്രമേണ ഈ സാങ്കേതിക വിദ്യയ്ക്ക് ലോകമെമ്പാടും ആവശ്യകതയേറുകയും ചെയ്തു.
ഒരു വശത്തുനിന്ന് പാലത്തിന്റെ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചശേഷം തള്ളി നീക്കി എതിർവശത്തെ അടിത്തറയ്ക്ക് മുകളിലെത്തിച്ചാണ് പാലം ഉറപ്പിക്കുന്നത്. തുടർന്ന് നെട്ട്ബോൾട്ടുകൾ ഉപയോഗിച്ച് സ്പാനുകൾ ബലപ്പെടുത്തും. ശേഷം സ്പാനിന് മുകളിൽ ഇരുമ്പ് പാളികൾ ഉറപ്പിക്കുന്നതോടെ ബെയ്‌ലി പാലം സഞ്ചാരയോഗ്യമാകും.
ബെയ്‌ലി പാലം കേരളത്തിൽ
സിവിലിയൻ ആവശ്യങ്ങൾക്കായാണ് ഇന്ത്യയിലാദ്യമായി ബെയ്‌ലിപാലം നിർമിച്ചത്. എം.സി റോഡിൽ പത്തനംതിട്ട– കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകർന്നതിനെ തുടർന്നുണ്ടായ യാത്രാ തടസം പരിഹരിക്കാൻ ബെയ്‌ലി പാലം നിർമിച്ചിരുന്നു. മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പിലെ പതിനാലാം എഞ്ചിനിയറിങ് റെജിമെന്റിന്റെ മേൽനോട്ടത്തിൽ 50 സൈനികരാണ് അന്ന് നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടത്.
സെക്കന്ദരാബാദിൽ നിന്നായിരുന്നു പാലം നിർമാണത്തിനുള്ള സാമഗ്രികൾ എത്തിച്ചത്. പിന്നീട് പഴയ പാലം നവീകരിച്ച ശേഷം സൈന്യം ബെയ്‌ലി പാലം പൊളിച്ചു നീക്കുകയായിരുന്നു. ശബരിമല സന്നിധാനത്തും 2011 നവംബറിൽ ബെയ്‌ലി പാലം പൂർത്തിയാക്കിയിരുന്നു.
വയനാട്ടിൽ പാലത്തിന്റെ പണി പൂർത്തിയായാൽ ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് എളുപ്പത്തിൽ എത്താനാകും. മുണ്ടക്കൈ ഭാഗത്ത് കുടുങ്ങി കിടക്കുന്നവരെ വേഗത്തിൽ രക്ഷാപ്പെടുത്താൻ സാധിക്കും. നിലവിൽ പുഴയുടെ മറുവശത്തുനിന്ന് ലഭിക്കുന്ന മൃതദേഹങ്ങൾ ഉൾപ്പടെ വടം ഉപയോഗിച്ചാണ് ഇപ്പുറത്തെത്തിക്കുന്നത്. ഇവിടെയുണ്ടായിരുന്ന പാലം ഉരുൾപൊട്ടലിൽ ഒലിച്ചുപൊയതാണ് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയത്.