ഐ.എന്‍.എല്‍ യോഗം കൂട്ടത്തല്ലില്‍ കലാശിച്ചതെങ്ങനെ..?
|സംസ്ഥാന പ്രസിഡൻ്റ് എ.പി അബ്ദുൽ വഹാബ് ഒരുവശത്തും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവർകോവിലും മറുവശത്തും എന്ന നിലയിലാണ് നിലവില്‍ ഐ.എന്‍.എല്ലിലെ രാഷ്ട്രീയ ചേരി.
സംസ്ഥാന പ്രസിൻറും ജനറൽ സെക്രട്ടറിയും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകൾക്കിടെ നടന്ന ഐ.എന്‍.എല്‍ യോഗത്തില്‍ കൂട്ടത്തല്ല്. ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന നേതൃയോഗത്തിനിടെയായിരുന്നു സംഭവം. മന്ത്രി അഹമ്മദ് ദേവർകോവില്‍ പങ്കെടുത്ത യോഗമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് പിരിച്ചുവിട്ടതും ശേഷം പുറത്തെത്തിയ പ്രവര്‍ത്തകരുടെ തമ്മില്‍ തല്ലില്‍ കലാശിച്ചതും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവർത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരുന്നത്. സംസ്ഥാന പ്രസിഡൻ്റ് എ.പി അബ്ദുൽ വഹാബ് ഒരുവശത്തും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവർകോവിലും മറുവശത്തും എന്ന നിലയിലാണ് നിലവില്‍ ഐ.എന്‍.എല്ലിലെ രാഷ്ട്രീയ ചേരി.
രൂക്ഷമായ അഭിപ്രായ ഭിന്നതകൾക്കിടെ നടന്ന ഐ.എന്‍.എല്‍ യോഗത്തില്‍ കൂട്ടത്തല്ലുണ്ടായതെങ്ങനെ..?
രണ്ട് നേതാക്കള്‍ക്കെതിരായ നടപടിയെച്ചൊല്ലിയാണ് ഐ.എന്‍.എല്ലിന്‍റെ നേതൃയോഗത്തിനിടെ ഇന്ന് തർക്കമുണ്ടായതും പിന്നീട് കയ്യാങ്കളിയില്‍ കലാശിച്ചതും. രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളെ പുറത്താക്കിയതായി മിനുറ്റ്സില്‍ എഴുതിച്ചേർക്കാന്‍ ശ്രമിച്ചതാണ് സഘര്‍ഷത്തിന് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സെക്രട്ടേറിയറ്റ് അംഗം അബ്ദുല്‍ അസീസ്, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ബഷീർ ബടേരി എന്നിവരെ പുറത്താക്കിയതായിതായി കാസിം ഇരിക്കൂർ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ ഇത് മുന്‍കൂട്ടി തയ്യാറാക്കികൊണ്ടുവന്ന മിനുറ്റ്സ് ആണെന്ന് പറഞ്ഞ് മറുചേരിയിലുള്ളവര്‍ പ്രതിഷേധം അറിയിക്കുകയും, തുടര്‍ന്ന് ഇരുപക്ഷങ്ങള്‍ തമ്മിലുള്ള വാഗ്വാദം കയ്യാങ്കളിയിലേക്കെത്തുകയും ചെയ്യുകയായിരുന്നു.
കാസിം ഇരിക്കൂറിനെ പാര്‍ട്ടിക്കൊപ്പം ചേര്‍ത്ത് പോകണമോ എന്നത് വരാനിരിക്കുന്ന ഐ.എന്‍.എല്‍ സംസ്ഥാന കൗണ്‍സിലില്‍ പ്രധാന അജണ്ടയാകും.'മുന്നണിക്ക് കോട്ടം തട്ടുന്ന പ്രവർത്തികൾ ഉണ്ടാകരുതെന്ന് എൽ.ഡി.എഫ് നിർദേശം നൽകിയിരുന്നു. എന്നാല്‍ സ്വാഗത പ്രസംഗത്തിനിടെ തന്നെ കാസിം ഇരിക്കൂർ പ്രകോപിതനായി സംസാരിക്കുകയായിരുന്നു. കാസിം പാര്‍ട്ടിയെ തകര്‍ക്കാനുള്ള ബാഹ്യ ശക്തികളുടെ ദൗത്യം ഏറ്റെടുത്തോ എന്ന് സംശയമുണ്ട്. ഐ.എന്‍.എല്‍ ശക്തിപ്പെടുന്നതില്‍ മുസ്‍ലിം ലീഗിനും ആശങ്കയുണ്ട്' സംസ്ഥാന പ്രസിഡൻ്റ് എ.പി അബ്ദുൽ വഹാബ് വഹാബ് പ്രതികരിച്ചു.