ഉരുൾപൊട്ടലിൽ ഇല്ലാതായത് 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം, പ്രഭവകേന്ദ്രം 1,550 മീറ്റർ ഉയരത്തിൽ; ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് ചിത്രം
|40 വര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തോട് അടുത്താണ് പുതിയ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമെന്നാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ട ചിത്രം വ്യക്തമാക്കുന്നത്.
ബംഗളൂരു: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന്റെ സാറ്റലൈറ്റ് ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും 1,550 മീറ്റര്‍ ഉയരത്തിലാണ്. 40 വര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനോട് അടുത്താണ് പുതിയ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമെന്നാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ട ചിത്രം വ്യക്തമാക്കുന്നത്.
ദുരന്തത്തിൽ 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം ഒലിച്ചുപോയി. ഗ്രാമങ്ങളും ജനവാസകേന്ദ്രങ്ങളും ഇല്ലാതായി. മലവെള്ളത്തോടൊപ്പം പാറക്കല്ലുകളും അവശിഷ്ടങ്ങളും എട്ട് കിലോമീറ്ററോളം താഴേക്ക് ഒഴുകിയതായും ഐ.എസ്.ആർ.ഒ പുറത്തുവിട്ട വിവരത്തില്‍ വ്യക്തമാക്കുന്നു.
ഐ.എസ്.ആർ.ഒയുടെ ഹൈദരാബാദിലെ നാഷണല്‍ റിമോട്ടിങ് സെന്‍സിങ് സെന്റർ (എൻ.ആർ.എസ്.സി) ആണ് ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. എൻ.ആർ.എസ്.സിയുടെ കാര്‍ട്ടോസാറ്റ്-3 സാറ്റലൈറ്റും റിസാറ്റ് സാറ്റലൈറ്റും പകര്‍ത്തിയ ചിത്രങ്ങളാണിവ.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 296 ആയി. ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വെള്ളാർമല സ്കൂൾ റോഡിൽ നിന്നാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചാലിയാറിൽ ഇന്ന് കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ്. പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ നാലംഗ കുടുംബത്തെയും രക്ഷാപ്രവർത്തകർ രക്ഷിച്ചു.
വനംവകുപ്പ്, കോസ്റ്റ്ഗാർഡ്, നേവി എന്നിവർ ചേർന്നാണ് സംയുക്ത തിരച്ചിൽ നടത്തുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ആറ് സോണുകളായി നാൽപ്പത് ടീമുകളായാണ് ഇന്നത്തെ തിരച്ചിൽ.