ഒമിക്രോണിനെ എങ്ങനെ പ്രതിരോധിക്കാം; വൈറസിനെക്കാള്‍ വേഗത്തില്‍ പടരുന്ന വ്യാജസന്ദേശങ്ങള്‍
|കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർ പി.വേണുഗോപാലിന്റെ സന്ദേശമെന്ന പേരിലാണ് വ്യാജപ്രചാരണം
കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർ പി.വേണുഗോപാലിന്റെ സന്ദേശമെന്ന പേരിലാണ് വ്യാജപ്രചാരണം. നിയമ നടപടി ആവശ്യപ്പെട്ട് ഡോക്ടര്‍ വേണുഗോപാൽ സൈബര്‍ സെല്ലില്‍ പരാതി നല്കി.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്നതിനെക്കാളും വേഗത്തിലാണ് എങ്ങിനെ ഒമിക്രോണിനെ പ്രതിരോധിക്കേണ്ടതെന്ന വ്യാജ സന്ദേശം പ്രചരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത സന്ദേശം തന്റെ പേരിൽ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഡോ. വേണുഗോപാൽ സൈബർ സെല്ലിൽ പരാതി നൽകി. കോവിഡ് രണ്ടാംതരംഗത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വന്ന വ്യാജ സന്ദേശങ്ങളുടെ ഉറവിടം സൈബർ സെൽ കണ്ടെത്തിയിരുന്നു. എന്നാൽ നിരന്തരം തന്റെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി വേണമെന്നാണ് ഡോക്ടറുടെ ആവശ്യം. ഡോ. വേണുഗോപാലിന്റെ പേരിൽ മാത്രമല്ല, നിരവധി ഡോക്ടർമാരുടെ പേരിൽ ഇത്തരം കുറിപ്പുകൾ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.