കേരളത്തിലെ ആക്രി മേഖലയിൽ വൻ ജി.എസ്.ടി വെട്ടിപ്പ്; വ്യാജ ബില്ലുകൾ വഴി വെട്ടിച്ചത് ആയിരം കോടി
|വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ആയിരം കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് ജി.എസ്.ടി വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത്
തിരുവനന്തപുരം: ആക്രി വ്യാപാര മേഖല കേന്ദ്രീകരിച്ച് സംസ്ഥാനത്ത് വന്‍ ജി.എസ്.ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ആയിരം കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് ജി.എസ്.ടി വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട 180 കോടി രൂപയാണ് നഷ്ടമായത്.
ജി.എസ്.ടി വകുപ്പിലെ അസിസ്റ്റന്‍റ് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ പരിശീലനം കൊച്ചിയില്‍ നടന്നിരുന്നു. ഇവിടെ വെച്ച് നാടകീയ റെയ്ഡിന് പദ്ധതി തയ്യാറാക്കി. ഏഴ് ജില്ലകളിലെ ആക്രി വ്യാപാര ഗോഡൗണുകളുടെ പട്ടികയുമായി പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ 300 ഉദ്യോഗസ്ഥര്‍ മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ട ഇടങ്ങളിലേക്ക് എത്തി.
വ്യാപാരികളെ വിളിച്ചുണര്‍ത്തി മിന്നല്‍ പരിശോധനയ്ക്ക് തുടക്കം. അപ്പോഴാണ് കിട്ടിയ വിവരം ശരിവെയ്ക്കുന്ന തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. വ്യാപാരം ചെയ്യുന്ന പലരുടേയും പേരിലല്ല രജിസ്ട്രേഷന്‍. മറ്റു പലരുടേയും പേരില്‍ രജിസ്ട്രേഷന്‍ എടുത്ത് വ്യാജ ബില്ലുകളിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട പണം കൈക്കലാക്കുന്ന വിദ്യയാണ് കണ്ടെത്തിയത്.
ഇത്തരത്തില്‍ 1000 കോടി രൂപയുടെ ഇടപാടുകള്‍ സംസ്ഥാനത്ത് ആകെ നടന്നുവെന്നാണ് പ്രാഥമിക നിഗമനം. വ്യാജ ബില്ലുകളും പിടിച്ചെടുത്തു. വ്യാപാരികളെ ചോദ്യം ചെയ്ത് ശേഷം തുടര്‍നടപടികളിലേക്ക് കടക്കും.
Watch Video Report