ഇടുക്കിയിൽ അഞ്ചിടത്ത് ജനവാസമേഖലയിൽ കാട്ടാനകളിറങ്ങി; വീടുകളും കടകളും തകർത്തു
|വന്യജീവി ശല്യം പരിഹരിക്കാനുള്ള നടപടികൾ ഊർജിതമാക്കുമെന്ന് വനം വകുപ്പ് മന്ത്രിയും അറിയിച്ചു
ഇടുക്കി: ഇടുക്കിയിൽ അഞ്ചിടത്ത് ജനവാസമേഖലയിൽ കാട്ടാനകളിറങ്ങി. ചിന്നക്കനാൽ സിങ്കുകണ്ടത്തെ വീടും ഇടമലക്കുടിയിലെ പലചരക്കു കടയും ആന ആക്രമിച്ചു. മൂന്നാർ തലയാറിൽ പുലിയുടെ ആക്രമണത്തിൽ പശു ചത്തു. വന്യജീവി ശല്യം പരിഹരിക്കാനുള്ള നടപടികൾ ഊർജിതമാക്കുമെന്ന് വനം വകുപ്പ് മന്ത്രിയും അറിയിച്ചു.
പുലർച്ചെ നാല് മണിയോടെയാണ് സിങ്കു കണ്ടത്തെ ജനവാസമേഖലയിൽ ചക്കക്കൊമ്പൻ എത്തിയത്. സിങ്കുകണ്ടം സ്വദേശി കൂനംമാക്കൽ മനോജിന്റെ വീട് ആന ആക്രമിച്ചു. ഭിത്തികൾക്ക് വിള്ളലുകൾ വീണു. മുറിയിലെ സീലിങ്ങും തകർന്നു. മറ്റൊരു മുറിയിലായിരുന്ന വീട്ടുകാർ തലനാരിഴക്കാണ് രക്ഷപെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇടമലക്കുടിയിൽ കാട്ടാന കൂട്ടമിറങ്ങിയത്. പ്രദേശത്തെ പലചരക്ക് കട തകർത്ത കാട്ടാനകൾ വ്യാപക കൃഷി നാശവുമുണ്ടാക്കി. ദേവികുളം മിഡിൽ ഡിവിഷനിൽ ലയങ്ങൾക്ക് സമീപമെത്തിയ പടയപ്പ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. നേര്യമംഗലം ആറാം മൈലിലും കുണ്ടള ഡാം പരിസരത്തും കാട്ടാനക്കൂട്ടമെത്തി. മൂന്നാർ തലയാറിൽ പുലിയുടെ ആക്രമണത്തിൽ പശു ചത്തു. പ്രദേശവാസിയായ മുനിയാണ്ടിയുടെ പശുവിനെയാണ് പുലി ആക്രമിച്ചത്.
ഇടുക്കിയിലെ വന്യജീവി പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ സംയുക്ത സമിതി അടിയന്തര യോഗം ചേരുമെമെന്നും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിര്‍ദേശം നല്‍കിയതായും മന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചു.