കേബിൾ കുരുങ്ങിയുള്ള അപകടങ്ങളിൽ മാർച്ച് 13നകം റിപ്പോർട്ട് സമർപ്പിക്കണം; മനുഷ്യാവകാശ കമ്മീഷൻ
|തദ്ദേശ - പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്
കൊച്ചി: പൊതു സ്ഥലങ്ങളിൽ കേബിൾ സ്ഥാപിക്കാനുള്ള മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് മാർച്ച് പതിമൂന്നിനകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. തദ്ദേശ - പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. കൊച്ചി നഗരത്തിൽ കേബിൾ കുടുങ്ങിയുള്ള അപകടങ്ങൾ തുടരുന്നത് ഗൗരവമാണെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്ററണി ഡൊമിനിക് പറഞ്ഞു.
കൊച്ചിയിലെ കേബിൾ കുരുങ്ങിയുള്ള അപകടങ്ങളിൽ റോഡ് സേഫ്റ്റി കമീഷണർ ജില്ലാ കലക്ടർക്കും പോലീസ് കമ്മീഷണർക്കും പരാതി കൊടുത്തു.
കഴിഞ്ഞദിവസവും കൊച്ചിയില് കേബിൾ കഴുത്തിൽ കുടുങ്ങി മുണ്ടംവേലി സ്വദേശിയായ അഭിഭാഷകൻ ഡി ജെ കുര്യന് പരിക്കേറ്റിരുന്നു. പോസ്റ്റിൽ നിന്ന് റോഡിലേക്ക് അപകടകരമായ വിധത്തിൽ നീണ്ട് കിടന്നിരുന്ന കേബിൾ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുര്യന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു.എം.ജി റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അഭിഭാഷകനായ കുര്യന്റെ കഴുത്തിൽ കേബിൾ കുരുങ്ങുകയായിരുന്നു. വൈദ്യുതി പോസ്റ്റിൽ നിന്ന് നീണ്ടുകിടന്നിരുന്ന കേബിൾ ആണ് കഴുത്തിൽ ചുറ്റിയത്. ഇതോടെ റോഡിലേക്ക് മറിഞ്ഞു വീണ കുര്യന്റെ കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
കേബിൾ അപകടത്തിൽ യഥാർത്ഥ ഉത്തരവാദി കെ.എസ്.ഇ.ബി ആണെന്ന് കൊച്ചി മേയർ എം അനിൽകുമാർ പ്രതികരിച്ചിരുന്നു. കേബിൾ പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കഴിഞ്ഞയാഴ്ച ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് മറ്റൊരാൾക്ക് കൂടി ദുരനുഭവം ഉണ്ടായത്.