Kerala
അട്ടപ്പാടി ആദിവാസി ഊരിലെ പൊലീസ് അക്രമം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു
Kerala

അട്ടപ്പാടി ആദിവാസി ഊരിലെ പൊലീസ് അക്രമം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

Web Desk
|
8 Aug 2021 4:27 PM GMT

പാലക്കാട് എസ്.പി പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം

അട്ടപ്പാടിയിൽ ആദിവാസി മൂപ്പനെയും മകനെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. പാലക്കാട് എസ്.പി പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. റിപ്പോർട്ട് ലഭിച്ച ശേഷം പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അഗളി എ.എസ്.പി പതം സിങ് നേരത്തെ അറിയിച്ചു. ആദിവാസി ബാലനെ മർദിച്ച സംഭവത്തിലും ഷോളയൂർ സിഐക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സമ്പൂർണ ലോക്ഡൗൺ ദിനമായ ഇന്ന് പ്രതിഷേധവുമായി ഒത്തുകൂടിയ സമരക്കാർക്ക് എതിരെയും നടപടിയുണ്ടാകുമെന്നും എ.എസ്.പി പറഞ്ഞു. അട്ടപ്പാടിയിൽ ഊരുമൂപ്പനെയും മകനെയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായാണ് പരാതി. ഷോളയൂർ വട്ട്‌ലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകൻ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. കുടുംബ തർക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് നടപടി.

മുരുകൻറെ 17 വയസുള്ള മകനെ പൊലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചതായും സ്ത്രീകളെയടക്കം പൊലീസ് ഉപദ്രവിച്ചതായും പരാതിയുണ്ട്. പശുവിനെ മേയ്ക്കാൻ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വലിയ പ്രശ്‌നമാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തത്.ഈ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഊരുമൂപ്പനെയും മകനെയും അറസ്റ്റ് ചെയ്യാനായി പൊലീസ് എത്തിയപ്പോഴാണ് സംഭവം.

അറസ്റ്റ് തടസപ്പെടുത്താൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കൃത്യനിർവഹണം തടസപ്പെടുത്തിയതിനെ തുടർന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരണം. സംഭവത്തിൽ പ്രതിഷേധിച്ച് ആദിവാസി ആക്ഷൻ കൗൺസിൽ ഷോളയൂർ പൊലീസ് സ്റ്റേഷന് മുമ്പിലും അഗളി എ.എസ്.പി ഓഫീസിനു മുന്നിലും പ്രതിഷേധിച്ചിരുന്നു.

Similar Posts